തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ മറ്റ് സംസ്ഥാന സർക്കാരുകളുടെയും ഭക്തരുടെയും സഹകരണം ആവശ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല മണ്ഡല കാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തമിഴ്നാട്,ആന്ധ്രാപ്രദേശ്,തെലങ്കാന,കർണ്ണാടക സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെ ക്ഷണിച്ചിരുന്നു.ഇവർ യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രിയും യോഗത്തിൽ നിന്ന് പിൻമാറിയിരുന്നു. ഈ സംസ്ഥാനങ്ങളിൽ നിന്ന് ഉദ്യാഗസ്ഥർ മാത്രമാണ് എത്തിയത്. തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.
പമ്പയിൽ പ്രളയത്തിൽ ഉണ്ടായ നാശ നഷ്ടങ്ങൾ ക്രൗഡ് ഫണ്ടിംഗ് വഴി പുനർനിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക്ക് സാധനങ്ങൾ ഒഴിവാക്കാനായി വ്യാപക പ്രചാരണ പരിപാടികൾ നടത്താനും പദ്ദതിയുണ്ടെന്നും ഇതിനായി എല്ലാ ഭക്തരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും സുരക്ഷയൊരുക്കുമെന്നും ദർശനത്തിന് എത്തുന്നവർക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും ഇന്നലെ മാത്രം 35,000 പേരാണ് ദർശനത്തിനായി പൊലീസിന്റെ പോർട്ടൽ വഴി ബുക്ക് ചെയ്തതെന്നും ഡി.ജി.പി ലോകനാഥ് ബെഹ്റ പറഞ്ഞു. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടക്കുന്ന യോഗം ഉച്ചവരെ തുടരും.യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ നിരവധി എതിർപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം.