ന്യൂഡൽഹി: നവംബർ അഞ്ചാം തീയതി നട തുറക്കാനിരിക്കെ ശബരിമല പുനഃപരിശോധന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നവംബർ അഞ്ചിന് ഒരു ദിവസം മാത്രമാണ് നട തുറക്കുന്നതെന്നും അതിനാൽ നവംബർ 11ന് ശേഷം വാദം കേൾക്കുന്നതിൽ മാറ്റം ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ശബരിമലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും കേസിന്റെ അടിയന്തര സ്വഭാവവും കണക്കിലെടുത്ത് ഹർജി ഉടൻ പരിഗണിക്കണമെന്ന ഒരു കൂട്ടം അഭിഭാഷകരുടെ ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ചിത്തിര ആട്ടത്തിനായി നവംബർ അഞ്ചിന് ഒരു ദിവസത്തേക്ക് ശബരിമല നട തുറക്കും. വനിതാ പൊലീസുൾപ്പെടെ 1500 പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കാനാണ് പൊലീസ് പദ്ധതി. നട തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസിന് സംസ്ഥാന വ്യാപക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.