reserve-bank

ന്യൂഡൽഹി: അനിയന്ത്രിതമായി കേന്ദ്ര സർക്കാർ ഇടപെടുന്നുവെന്ന് ആരോപിച്ച് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ സ്ഥാനം രാജിവയ്‌ക്കുമെന്ന വാർത്തകളെത്തുടർന്ന് വിഷയത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. റിസർവ് ബാങ്കിന്റെ അധികാരത്തിൽ കേന്ദ്രം കൈകടത്തില്ല. എല്ലാ സ്ഥാപനങ്ങളും പൊതുതാത്പര്യം സംരക്ഷിക്കണം. കൂടിയാലോചനകൾ പുതിയ കാര്യമല്ലെന്നും കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കി. വ്യക്തമായ ചർച്ചകൾക്ക് ശേഷമേ തീരുമാനങ്ങൾ എടുക്കൂ എന്നും വിശദീകരണം തുടരുന്നു.

ആർ.ബി.ഐ നിയമത്തിലെ സെക്‌ഷൻ ഏഴ് അനുസരിച്ച് റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്രസർക്കാർ കൈകടത്തുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് ഉർജിത്ത് പട്ടേൽ രാജിവയ്‌ക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ.ബി.ഐ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും സൂചനകളുണ്ടായിരുന്നു. 2008 - 2014 കാലത്ത് ബാങ്കുകൾ നിയന്ത്രണമില്ലാതെ വായ്‌പ അനുവദിച്ചത് തടയാൻ റിസർവ് ബാങ്കിന് കഴിയാതിരുന്നതാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയുടെ ആരോപണമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം യു.പി.എ സർക്കാർ നൽകിയ നിർദ്ദേശങ്ങൾ ആർ.ബി.ഐ അപ്പാടെ അനുസരിച്ചത് കാര്യങ്ങൾ വഷളാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതോടെയാണ് രാജ്യത്തെ ബാങ്കുകളുടെ ബാങ്കായ ആർ.ബി.ഐയും സർ‌ക്കാരും തമ്മിൽ ഭിന്നത രൂക്ഷമായത്.

മോദിയുടെ വിശ്വസ്തൻ പുറത്തേക്ക്?

നോട്ട് നിരോധനത്തിലടക്കം കേന്ദ്രസർക്കാരിനൊപ്പം നിന്ന ഉർജിത് പട്ടേൽ കേന്ദ്രസർക്കാരിന്റെ പുതിയ നീക്കത്തിൽ പ്രതിഷേധിച്ച് സ്ഥാനമൊഴിയാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ആർ.ബി.ഐയുടെ അധികാരങ്ങൾക്ക് കൂച്ചുവിലക്കിട്ട് നടപ്പിലാക്കിയ നോട്ട് നിരോധനവും ഇപ്പോൾ കേന്ദ്രസർക്കാർ‌ നടത്തുന്ന കൈകടത്തലും ചെറുക്കാൻ ഉർജിത് പട്ടേലും സംഘവും തുനിഞ്ഞിറങ്ങിയാൽ അത് സർക്കാരിന് ക്ഷീണമാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. സി.ബി.ഐയിൽ ഉദ്യോഗസ്ഥർ തമ്മിലുണ്ടായ തർക്കം ഇതിനോടകം തന്നെ വിവാദമായതും സർക്കാരിന് തലവേദനയാണ്. അതുകൊണ്ട് തന്നെ ആർ.ബി.ഐയിലെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാനാണ് ധനമന്ത്രാലയം ശ്രമിക്കുന്നതെന്നാണ് വിവരം.