mullappally-ramachandran

തിരുവനന്തപുരം:രാഹുൽ ഈശ്വറിനേയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും താരതമ്യം ചെയ്‌ത വി.ടി.ബൽറാം എം.എൽ.എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ഇരുവരെയും പരസ്‌പരം താരതമ്യം ചെയ്‌ത എം.എൽ.എയുടെ നടപടി തെറ്റാണ്. എല്ലാവരും പാർട്ടിക്ക് വിധേയരാണെന്ന് ബൽറാം ഓർ‌ക്കണം. അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി പാർട്ടി മാറരുത്. ഇക്കാര്യത്തിൽ ബൽറാമിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രസ്‌താവന തെറ്റിദ്ധരിക്കപ്പെട്ടു. വിശ്വാസികൾക്കൊപ്പം നിൽക്കുക എന്ന നിലപാടേ എടുക്കാൻ കഴിയൂ എന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി നിലപാടെടുക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുല്ലപ്പള്ളി അറിയിച്ചു. കേരളത്തിലെ മതേതര ജനാധിപത്യ ഐക്യത്തിന് തടസം നിൽക്കുന്നത് കേരളത്തിലെ സി.പി.എം ഘടകമാണ്. ഇക്കാര്യത്തിൽ കടുംപിടുത്തം കാണിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു.