തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും മുൻനിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.ഇക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയുടെ പേരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നേരത്തെ തന്നെ എ.ഐ.സി.സിയെ ധരിപ്പിച്ചിരുന്നു. സംസ്ഥാന നേതൃത്വങ്ങൾക്ക് അവരുടെ നിലപാടുമായി മുന്നോട്ട് പോകാൻ എ.ഐ.സി.സി അനുമതി നൽകിയിരുന്നു. രാഹുൽ ഗാന്ധി പറഞ്ഞത് എ.ഐ.സി.സിയുടെ മുൻനിലപാടാണ്. വ്യത്യസ്ത ആശയങ്ങളെ അംഗീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. തന്റെ വ്യക്തിപരമായ നിലപാട് രാഹുൽ ഗാന്ധി ആരുടെ മേലും അടിച്ചേൽപിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ സംസ്ഥാന നേത്വത്തിന് നിലപാടുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയതിലൂടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് രാഹുൽ ചെയ്തത്. ഇതോടെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ മഹത്വം വർദ്ധിച്ചു. ഇത് സി.പി.എമ്മിലോ ബി.ജെ.പിയിലോ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വന്നശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും താനും രാഹുൽ ഗാന്ധിയെ കണ്ട് കേരളത്തിലെ ജനങ്ങളുടെ വികാരം അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന് തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകാനും അനുമതി നൽകി. ശബരിമല വിഷയത്തിൽ 2016ൽ യു.ഡി.എഫ് സർക്കാർ എടുത്ത നിലപാടിൽ ഉറച്ചു നിൽക്കുന്നു. യുവതീ പ്രവേശനത്തെ എതിർത്താണു സർക്കാർ അന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. രാഹുൽ ഗാന്ധിയെ ഇതെല്ലാം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തെ യു.ഡി.എഫ് എതിർത്തിട്ടില്ല. അവിടെ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ നിയന്ത്രണം വേണമെന്നാണ് പറയുന്നത്. ആ നിയന്ത്രണം വേണ്ടെന്ന് സി.പി.എമ്മും പറഞ്ഞിട്ടില്ല.
സ്ത്രീ പ്രവേശനത്തെ ബി.ജെ.പി എതിർക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് കോടതിവിധിക്കെതിരെ കേന്ദ്രം നിയമം കൊണ്ടുവരാൻ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ സമ്മർദ്ദം ചെലുത്താത്തത്. അപ്പോൾ ആർ.എസ്.എസും ബി.ജെ.പിയും ലക്ഷ്യമിടുന്നത് കലാപമാണ്. ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. ശബരിമല പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനു പകരം സങ്കീർണമാക്കാനാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിച്ചത്. വർഗീയത ഇളക്കി വിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അമിത് ഷായും ഇത് തന്നെയാണ് ചെയ്യുന്നത്. ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന പാരന്പര്യം സി.പി.എമ്മിന് അവകാശപ്പെടാനാകില്ല
സി.പി.എമ്മിന് നവോത്ഥാന മൂല്യങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. ആളുകളെ വെട്ടിക്കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നവർക്ക് എന്ത് നവോത്ഥാന മൂല്യമാണുള്ളത്. വീണത് വിദ്യയാക്കുകയാണ് അവർ ചെയ്യുന്നത്. നവോത്ഥാന മൂല്യങ്ങളുടെ പാരമ്പര്യം കോൺഗ്രസിന് മാത്രം അവകാശപ്പെട്ടതാണ്.
ആശ്രമം ആക്രമണം: മുഖ്യമന്ത്രി ലജ്ജിക്കണം
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിൽ ഇതുവരേയും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലജ്ജിക്കണം. പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണം. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഹോം സ്റ്റേ ആണെന്ന ശബരിനാഥൻ എം.എൽ.എയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ചെന്നിത്തല മറുപടി നൽകി.