madhavan-

ചാരക്കേസിൽ ശിക്ഷിക്കപ്പെടുകയും പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയയ്ക്കുകയും ചെയ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണനായി മാധവൻ എത്തുന്ന ചിത്രത്തിന്റെ ടീസർ ഇന്നെത്തും. മാധവൻ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പേരും താരം പുറത്തുവിട്ടു. റോക്കെട്രി ദ നമ്പി എഫക്ട് എന്നാണ് സിനിമയ്ക്കിട്ടിരിക്കുന്ന പേര്.വിക്രം വേദ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മാധവൻ അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ട്വിറ്ററിലെ വീഡിയോയിൽ മാധവൻ ഇങ്ങനെ പറയുന്നു ' 'ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതിൽ ചിലതെല്ലാം നിങ്ങൾ കേട്ടിരിക്കാം. ചിലത് നിങ്ങൾ അറിഞ്ഞിട്ട് പോലുമുണ്ടാകില്ല. എന്നാൽ ചില കഥകൾ കേൾക്കാതെ ഇരിക്കുകയെന്നാൽ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങൾക്ക് അറിയുകയുള്ളൂ എന്നാണ് അർത്ഥം. നമ്പി നാരായണന്റെ കഥ അത്തരത്തിൽ ഒന്നാണ്. അദ്ദേഹത്തിന്റെ കഥ നിങ്ങൾ കേട്ടാൽ, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാൽ, നിശബ്ദനാവാൻ നിങ്ങൾക്ക് കഴിയില്ല.'
മാധവന് ആശംസകളുമായി സൂര്യയും ട്വിറ്ററിൽ എത്തി. ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻ സാധിക്കുകയാണെങ്കിൽ സന്തോഷമാകുമെന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.
കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആർ.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണൻ രചിച്ച റെഡി ടു ഫയർ: ഹൗ ഇന്ത്യ ആന്റ് ഐ സർവൈവ്ഡ് ദ ഐ.എസ്.ആർ.ഒ സ്‌പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കി ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.