india-vs-west-indies

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ കാര്യവട്ടം സ്‌പോർട്‌സ് ഹബിൽ നടക്കുന്ന ഇന്ത്യ - വിൻഡീസ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിന് പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. വ്യാഴാഴ്‌ച രാവിലെയോടെ സേനാവിന്യാസം പൂർണമാകുമെന്നും കർശന നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് അറിയിച്ചു. ഐ.ജി മനോജ് എബ്രഹാം, കമ്മിഷണർ പി. പ്രകാശ്, ഡി.സി.പി ആർ. ആദിത്യ എന്നിവരുടെ നേതൃത്വത്തിൽ എട്ട് എസ്.പിമാർ, 18 ഡിവൈ.എസ്.പിമാർ, 60 സി.ഐമാർ, 140 എസ്‌.ഐമാർ അടക്കം 1500 പൊലീസുകാരാണ് സുരക്ഷയ്ക്കുള്ളത്.

തിരുവനന്തപുരം സിറ്റി പൊലീസിനു പുറമേ കൊല്ലം സിറ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ നിന്നും പൊലീസിനെ എത്തിക്കും. സ്വകാര്യ സുരക്ഷാ ജീവനക്കാരെയും നിയോഗിക്കും. ദേശീയപാതയിൽ നിന്ന് സ്റ്റേഡിയം കവാടം വരെ കാർപാസുള്ളവരുടെ വാഹനങ്ങളേ കടത്തി വിടുകയുള്ളൂ. ചെറുവാഹനങ്ങൾ കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ്, എൽ.എൻ.സി.പി.ഇ മൈതാനം, കാര്യവട്ടം സർക്കാർ കോളേജ്, കാര്യവട്ടം ബി.എഡ് സെന്റർ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ഇവിടെ പാർക്ക് ചെയ്യുവാൻ സാധിക്കാത്ത വാഹനങ്ങളും ബസുകളും അൽസാജ് കൺവെൻഷൻ സെന്ററിലെ ഗ്രൗണ്ടിലെത്തണം. ഇരുചക്ര വാഹനങ്ങൾ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ റോഡിലുള്ള മൂന്ന് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. മീഡിയ, പൊലീസ് വാഹനങ്ങൾ ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

അധികമായി വരുന്ന വാഹനങ്ങൾ തൊട്ടടുത്തുള്ള മുസ്ലിം പള്ളിക്കു പിന്നിലെ താത്കാലിക ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ടെക്‌നോപാർക്കിനു പിന്നിലെ കാര്യവട്ടം ഹോസ്റ്റൽ ക്വാർട്ടേഴ്‌സ് റോഡിന്റെ ഒരു വശത്തും പാർക്ക് ചെയ്യാം. ശ്രീകാര്യം മുതൽ കഴക്കൂട്ടം വരെ ദേശീയ പാതയിൽ പാർക്കിംഗ് പാടില്ല. കാര്യവട്ടം പുല്ലാനിവിള റോഡിലും, കാര്യവട്ടം മുസ്ലിം ജമാഅത്ത് റോഡ് മുതൽ കുരിശടി വരെയുള്ള റോഡിലും പാർക്കിംഗ് അനുവദിക്കില്ല. കൊല്ലം ഭാഗത്തേക്കുള്ള ഹെവി വാഹനങ്ങളടക്കം ഉള്ളൂർ ആക്കുളം കുഴിവിള ബൈപാസ് വഴി തിരിച്ചുവിടും. കൊല്ലത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെട്ടുറോഡിൽ നിന്ന് തിരിഞ്ഞു കാട്ടായിക്കോണം ചെമ്പഴന്തി ശ്രീകാര്യം വഴി തിരിച്ചുവിടും. സ്റ്റേഡിയത്തിലേക്ക് വരുന്നവരുടെ വാഹനങ്ങൾ ഉള്ളൂർ, ശ്രീകാര്യം, കാര്യവട്ടം വഴിയെത്തണം.


കളി കാണാനെത്തുമ്പോൾ

 പേ-ടി.എം വഴിയെടുത്ത ഇ-ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും കൊണ്ടുവരണം

 പൊലീസ് അടക്കം ഡ്യൂട്ടി പാസ് ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിലോ പരിസരത്തോ പ്രവേശിപ്പിക്കില്ല

 നവംബർ ഒന്നിന് പകൽ 12 മുതൽ മാത്രമേ കാണികളെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കൂ

 പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പി, വടി, കൊടിതോരണം, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി എന്നിവ പറ്റില്ല

 കളി കാണാൻ വരുന്നവരുടെ മൊബൈൽ ഫോൺ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ

 മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ എത്തുന്നവരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ല

 ഭക്ഷണ സാധനങ്ങളും വെള്ളവും സ്റ്റേഡിയത്തിൽ കൊണ്ടുവരാൻ അനുവദിക്കില്ല