ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരം ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കുകയാണെന്ന് കെ. സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രന്റെ ഈ പ്രസ്താവന. ദക്ഷിണേന്ത്യൻ സർക്കാരുകളൊന്നും ശബരിമല യുവതി പ്രവേശനം അംഗീകരിക്കില്ല. സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സർക്കാർ നേരിടാൻ പോകുന്നതെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
മണ്ഡല മകരവിളക്ക് തീർത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച് ചേർത്ത ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ അവലോകന യോഗത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ വിട്ടു നിന്നിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രിയും യോഗത്തിൽ നിന്ന് പിൻവാങ്ങി. തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് യോഗം ഉദ്ഘാടനം ചെയ്തത്.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :
ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാരുകളൊന്നും തന്നെ ശബരിമലയിൽ യുവതീ പ്രവേശത്തെ അംഗീകരിക്കില്ല എന്നത് ഒരു വസ്തുതയാണ്. സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സർക്കാർ നേരിടാൻ പോകുന്നത്.