parvathy-thiruvoth

ഇന്ത്യൻ സിനിമാ രംഗത്ത് മീ ടൂ ക്യാംപയിൻ ഉയർത്തി വിട്ട കോലാഹലങ്ങൾ ചെറുതൊന്നുമല്ല. സംവിധായകരും പ്രമുഖ നടന്മാരും ഉൾപ്പെടെ നിരവധി പേരാണ് തുറന്ന് പറച്ചിലുകളുടെ ഭാഗമായി കുടുങ്ങിയത്. മലയാള സിനിമയിലും മീ ടൂ ആരോപണവുമായി ചില നടിമാർ രംഗത്തെത്തിയിരുന്നു. എന്നാൽ നടി പാർവതി തിരുവോത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ദേശീയ തലത്തിൽ തന്നെ ചർച്ചയ്‌ക്ക് കാരണമായിരിക്കുന്നത്. തനിക്ക് നാല് വയസുള്ളപ്പോൾ പീഡനത്തിന് ഇരയായെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. പിന്നീട് പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് അന്ന് സംഭവിച്ചതിനെപ്പറ്റി ബോധ്യമുണ്ടായത്. പിന്നെയും പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സംഭവം പുറത്ത് പറയാൻ കഴിഞ്ഞതെന്നും മുംബയിൽ നടക്കുന്ന മിയാമി ഫിലിം ഫെസ്‌റ്റിവലിലെ പരിപാടിയിൽ പാർവതി വ്യക്തമാക്കി.

parvathy-thiruvoth

തനിക്ക് മൂന്നോ നാലോ വയസുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. അന്നെന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായിരുന്നില്ല. ഇത് മനസിലാക്കാൻ 17 വർഷമെടുത്തു. ഇക്കാര്യം തുറന്ന് പറയാൻ വീണ്ടും 12 വർഷങ്ങളും. ഇക്കാര്യം സംഭവിച്ചുവെന്നത് സത്യമാണ്. എന്നാൽ ഒരു സ്ത്രീയായതിന്റെ പേരിലല്ല ഇങ്ങനെ സംഭവിച്ചത്.ആത്യന്തികമായി ഒരു വ്യക്തിയാണ് താൻ. ബാക്കിയുള്ള വിശേഷങ്ങളെല്ലാം പിന്നെയാണ് വരുന്നത്. ഈ അവസ്ഥയെ അതിജീവിക്കുകയാണ് പ്രധാനം. ഓരോ ദിവസവും ഇക്കാര്യം സ്വയം പറഞ്ഞ് ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു.

മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ല്യൂ.സി.സിയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായ പാർവതി മീ ടൂ ക്യാംപയിനെ പിന്തുണച്ച് നിലപാടെടുത്തിരുന്നു. ഇതേത്തുടർന്നാണ് പാർവതിയെ മിയാമി ഫിലിം ഫെസ്‌റ്റിവലിലേക്ക് ക്ഷണിച്ചതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.