commando

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽ പെട്ട ഉദ്യോഗസ്ഥനും കൂട്ടുകാരും ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം മങ്കട ഗ്രാമപഞ്ചായത്തിൽ കൊണ്ടംപുറത്ത് അനിൽ കുമാറിന്റെ മകൻ യദുകൃഷ്‌ണനാണ് മുഖ്യമന്ത്രിയുടെ കമാൻഡോ സംഘത്തിൽ പെട്ട അബ്‌ദുൽ വാഹിദിന്റേയും സംഘത്തിന്റെയും മർദ്ദനമേറ്റത്. അബ്ദുൽ വാഹിദും സംഘവും സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ താൻ പുകവലിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനമെന്നാണ് യദുവിന്റെ ആരോപണം.

മൈസൂർ കാവേരി കോളേജിലെ രണ്ടാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയായ യദുവും കൂട്ടുകാരും തിങ്കളാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെ വിനോദ സഞ്ചാരം കഴിഞ്ഞ് മടങ്ങി വരവെയാണ് ഏഴംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. യുവാക്കളുടെ സമീപത്തേക്ക് കാറിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ പുകവലിക്കാറില്ലെന്ന് പറഞ്ഞതോടെ ഇവരുടെ ബൈക്കിന്റെ താക്കോൽ ബലമായി വാങ്ങുകയും ബൈക്കിൽ തിരച്ചിൽ നടത്തുകയും ചെയ്‌തു. പഞ്ചായത്ത് അംഗമായ പിതാവിന്റെ ബൈക്കിൽ ഒട്ടേറെ ഫയലുകളും ഉണ്ടായിരുന്നു. സംഘം ഇതും വാരിവലിച്ച് നശിപ്പിച്ചു. ഇത് തടയുന്നതിനിടെയാണ് യദു കൃഷ്‌ണന് മർദ്ദനമേറ്റത്. നാഭിക്ക് മർദ്ദനമേറ്റ യദുകൃഷ്‌ണൻ നിലത്തു വീണു. മർദ്ദനത്തിൽ തോളെല്ല് പൊട്ടുകയും കിഡ്‌നിക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.