anupam-kher

ന്യൂഡ‌ൽഹി: പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ചെയർമാൻ സ്ഥാനം നടൻ അനുപം ഖേർ രാജിവച്ചു. അന്തർദേശീയ ടി.വി ഷോയുടെ തിരക്കുകൾ കാരണമാണ് രാജി എന്നാണ് വിശദീകരണം.അനുപം ഖേറിന്റെ രാജിക്കത്ത് വാർത്താ വിതരണ വകുപ്പ് മന്ത്രി രാജ്യ വർദ്ധൻ സിംഗ് റാത്തോഡ് സ്വീകരിച്ചു.

അതേസമയം, ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ആരെ നിയമിക്കണമെന്ന കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല.

അമേരിക്കയിലെ ടി.വി ഷോയിൽ പങ്കെടുക്കുന്നതിനാൽ ഒമ്പത് മാസത്തോളം അവിടെ തങ്ങേണ്ടി വരുമെന്നും അതിനാലാണ് രാജിയെന്നുമാണ് താരം നൽകുന്ന വിശദീകരണം. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പ്രമേയമാക്കുന്ന സിനിമയിൽ നായകനാണ് അനുപം ഖേർ. മൻമോഹൻ സിംഗിന്റെ മാദ്ധ്യമ ഉപദേഷ്‌ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നത് വിജയ് രത്നാകർ ആണ്.