keralapiravi

കേരളം അറുപത്തിരണ്ടാം ജൻമദിനമാഘോഷിക്കുകയാണ്. സംസ്ഥാന പുനഃസംഘടനാ ആക്റ്റുപ്രകാരം, മുഖ്യമായും, ഭാഷയുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട കേരളത്തിൽ ഏതാണ്ട് 97 ശതമാനം പേർ മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്. ജാതി-മത-വർണ-രാഷ്ട്രീയ ചിന്തകൾക്കതീതമായി സാമൂഹികമായും സാംസ്‌കാരികമായും വൈകാരികമായും കേരളജനതയെ ഇണക്കിനിർത്തുന്ന പ്രധാനഘടകം മലയാളഭാഷയാണ്. അതുകൊണ്ടുതന്നെ കേരളീയരുടെ എല്ലാ സാമൂഹികമണ്ഡലങ്ങളിലും മലയാളഭാഷാവ്യാപനം സാധ്യമാകേണ്ടതുണ്ട്. അതിനുതകുന്ന നടപടികളാണ് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ രൂപംകൊണ്ട ആദ്യസർക്കാർ കൈക്കൊണ്ടത്.

മലയാളഭാഷയെ കേരളത്തിന്റെ ഭരണഭാഷയാക്കുന്നതു സംബന്ധിച്ച പഠനം നടത്തുന്നതിനുവേണ്ടി 1957ൽ കോമാട്ടിൽ അച്യുതമേനോന്റെ അധ്യക്ഷതയിലുള്ള ഒരു കമ്മിറ്റിയെ നിയോഗിച്ചത് ഇ.എം.എസ്സ് സർക്കാരാണ്. എന്നാൽ, ആ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള കാര്യങ്ങളൊന്നും തുടർന്നുവന്ന സർക്കാരിനു കീഴിൽ നടന്നില്ല. മലയാളഭാഷയുടെ വളർച്ചയ്ക്കുതകുന്ന നടപടികളാണ് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്നത്. 2017 മെയ് 1 മുതൽ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷയായി ഉപയോഗിക്കുന്നത് മലയാളം ആയിരിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 201ലാണ് മലയാളഭാഷാ പഠന ആക്റ്റ് പാസ്സാക്കിയത്.

മാതൃഭാഷ പഠിക്കാതെ ബിരുദമെടുക്കാൻ കഴിയുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണഭാഷയായി മലയാളം ഉപയോഗിക്കുന്നതിന് സഹായകരമായ പല നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാളരൂപങ്ങളും ചേർത്ത് ഭരണമലയാളം എന്നപേരിൽ ഒരു ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗിക ഭാഷാവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ഭരണഭാഷ, മലയാളം കമ്പ്യൂട്ടിങ് എന്നിവയിൽ പരിശീലനം ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല, ഭരണഭാഷ സംബന്ധിച്ച നിയമങ്ങളും നിർദേശങ്ങളും ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിനായി ജില്ലകൾതോറും ഭരണഭാഷാവബോധപരിപാടികൾ സംഘടിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുണ്ടെങ്കിലും ഭാഷാകാര്യങ്ങളിൽ ഇപ്പോഴും ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഭരണസംവിധാനത്തിൽ മലയാളത്തിന്റെ ഉപയോഗം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

മലയാളഭാഷയുടെ സമ്പത്തായ ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുകയും വേണം. കേരളത്തിൽ പുരാരേഖാവകുപ്പിന്റെ കൈവശമുള്ള ലക്ഷക്കണക്കിന് താളിയോലകൾ ഡിജിറ്റൈസ് ചെയ്ത് ലിപിമാറ്റം നടത്തി ലഭ്യമാക്കേണ്ടതുണ്ട്. ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണം, മലയാളഭാഷാപഠനം വ്യാപിപ്പിക്കണം, കേരളത്തിൽ ഹൈക്കോടതിക്കു കീഴിലുള്ള കോടതികളിലെ ഭാഷ മലയാളമാക്കണം; ഇത്തരത്തിലുള്ള നിരവധി നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അവയെയൊക്കെ തരണംചെയ്ത് കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല എന്നാണ് ജസ്റ്റിസ് നരേന്ദ്രൻ കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് സർക്കാർ.

ഇത്തരത്തിൽ മലയാളഭാഷാവികസനത്തിനുവേണ്ടി നിരവധി കാര്യങ്ങൾ നിർവഹിക്കാൻ ബാക്കിയുണ്ട്. കേരളത്തിലെ ജനങ്ങളോട് വോട്ടുചോദിച്ച ഭാഷയിൽ ഭരണം നടത്തേണ്ട ധാർമികമായ ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേരളജനതയുടെ മാതൃഭാഷ ഭരണനിർവഹണത്തിന് ഉപയോഗിക്കാതിരുന്നാൽ അത് ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണ് എന്നാണ് സർക്കാർ കണക്കാക്കുന്നത്. അതിനാൽ ഭരണരംഗത്ത് മലയാളം ഉപയോഗിക്കാൻ ഓരോ ഉദ്യോഗസ്ഥനും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ഭാഷയുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട കേരളം ഇന്ന് പ്രളയക്കെടുതിയെത്തുടർന്നുള്ള പുനർനിർമാണത്തിന്റെ ഘട്ടത്തിലാണ്. സമാനതകളില്ലാത്ത പ്രളയത്തെ സാഹോദര്യം, ഒരുമ, സഹവർത്തിത്വം എന്നിവയാൽ ആത്മാഭിമാനത്തോടെ അതിജീവിച്ച നാം നവകേരളനിർമിതിക്ക് സാക്ഷ്യംവഹിക്കുകയാണ് ഇപ്പോൾ. 'കേരള വികസനമാതൃക' കൊണ്ട് ലോകശ്രദ്ധ ആർജിച്ച നാം ഇപ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃക ലോകത്തിനുമുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്. അതിന്റെ അടുത്തപടി എന്നോണം 'കേരള പുനർനിർമാണ മാതൃക' ലോകത്തിനുമുമ്പാകെ കാഴ്ചവെയ്ക്കാൻ ഒരുങ്ങുകയാണ് നാം.

ദേശീയ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമേ കേരളത്തിന് നഷ്ടപരിഹാരം ചോദിക്കാനാകൂ. അവർ ഓരോന്നിനും ഇത്ര എന്ന് കണക്കാക്കിവെച്ചിട്ടുണ്ട്. അതാകട്ടെ യഥാർത്ഥ നഷ്ടത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. ആ മാനദണ്ഡപ്രകാരം നോക്കിയാൽ കേരളത്തിനു 4796 കോടി രൂപയുടെ നഷ്ടപരിഹാരം മാത്രമേ ചോദിക്കാൻ അവകാശമുള്ളു. എന്നാൽ, യഥാർത്ഥ നഷ്ടം ഇതിന്റെ എത്രയോ മടങ്ങാണ്. സംസ്ഥാന ഏജൻസികളും ലോക ബാങ്ക്, എഡിബി, യുഎൻ ഏജൻസികളും ഒക്കെ നടത്തിയ പഠനങ്ങളിലും, തയ്യാറാക്കിയ എസ്റ്റിമേറ്റുകളിലും തെളിഞ്ഞുവരുന്നത് യഥാർത്ഥ നഷ്ടം 31000 കോടി രൂപയുടേതാണ് എന്നാണ്. കേരളത്തിന്റെ ഒരുവർഷത്തെ പദ്ധതിച്ചെലവിനേക്കാൾ വലിയ സംഖ്യയാണിത്. ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരമുള്ള 4796 കോടിക്കും ഈ 31000 കോടിക്കുമിടയിലുള്ള വിടവ് ഏതാണ്ട് 26000ലധികം കോടിയുടേതാണ്. അതായത്, നവകേരള നിർമിതിക്ക് കേന്ദ്രമാനദണ്ഡത്തിന്റെ ആറിരട്ടിയിലധികം വേണ്ടിവരും. ഈ അധിക തുക നാം എങ്ങനെ കണ്ടെത്തും? ഇതാണ് ഈ ഘട്ടത്തിൽ കേരളത്തിന്റെ മുമ്പിലുള്ള വലിയ ചോദ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുമായി കാര്യമായ തോതിൽ തന്നെ സഹായമുണ്ടാകുന്നുണ്ട്. തുക രണ്ടായിരം കോടി കടന്നു. എന്നാൽ, ഇതിനകമുള്ള കമ്മിറ്റ്‌മെന്റിനു തന്നെ ഇതിലേറെ വേണ്ടിവന്നു എന്നതാണ് സത്യം. ആറുലക്ഷത്തി അറുപത്തിയയ്യായിരത്തി ആറു പേർക്ക് പതിനായിരം രൂപയുടെ അടിയന്തിര സഹായം നൽകിയപ്പോൾ തന്നെ 66 കോടി കഴിഞ്ഞു. ദുരിതാശ്വാസ സഹായം, വീട് വാസയോഗ്യമാക്കാനുള്ള സഹായം തുടങ്ങിയവയ്ക്കായി നീക്കിവെച്ച തുക കൂടി കണക്കാക്കിയാൽ മൊത്തം തുക 2000 കോടിക്കും മേലെയാണ്.

കേന്ദ്ര ക്രമപ്രകാരം ഭവനനിർമാണത്തിനും മറ്റുമായി 105 കോടിയേ കേരളത്തിന് ചോദിക്കാനാവൂ. എന്നാൽ, 5659 കോടിയുടേതാണ് നഷ്ടം. വിദ്യാഭ്യാസരംഗത്ത് എട്ടുകോടിയേ ചോദിക്കാനാകൂ. 214 കോടിയുടേതാണ് നഷ്ടം. കാർഷിക, മത്സ്യബന്ധന മേഖലയിൽ 45 കോടിയേ ചോദിക്കാനാകൂ. 4499 കോടിയാണ് നഷ്ടം. റോഡ്, പാലം നിർമാണത്തിനായി 192 കോടിയേ ചോദിക്കാനാകൂ. 8554 കോടി രൂപയുടേതാണ് നഷ്ടം. വൈദ്യുതിരംഗത്ത് 85 കോടിയേ ചോദിക്കാനാകൂ. 353 കോടിയുടേതാണ് നഷ്ടം. ജലസേചനരംഗത്ത് 536 കോടിയേ ചോദിക്കാനാകൂ. 1484 കോടിയുടേതാണ് നഷ്ടം.

8800 കിലോമീറ്റർ പിഡബ്ല്യുഡി റോഡ് യാത്രായോഗ്യമല്ലാതായി. ഇതിനുതന്നെ പതിനായിരം കോടി ചെലവുവരും. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം ഒരു കിലോമീറ്റർ റോഡ് പുനർനിർമിക്കാൻ ഒരുലക്ഷം രൂപയാണ് അനുവദിക്കുക. ഇതുകൊണ്ട് റോഡ് പുനഃസ്ഥാപിക്കാൻ പറ്റില്ല. റോഡ് അപ്പാടെ ഇല്ലാതായ ഇടങ്ങളുണ്ട്. റോഡ് കെട്ടാൻ വേണ്ട ഭൂമിപോലും ഇല്ല എന്നർത്ഥം. കിലോമീറ്ററിന് രണ്ടുകോടിയിൽ കൂടുതൽ ആവശ്യമായി വരുന്നിടത്താണ് ഒരുലക്ഷം രൂപ. ഗ്രാമീണ റോഡുകൾക്കാണെങ്കിൽ മാനദണ്ഡപ്രകാരം അറുപതിനായിരം രൂപയേ കിട്ടൂ. വേണ്ടത് 60 ലക്ഷമാണ്. അനുവദിക്കുന്നതിന്റെ 60 ഇരട്ടി വേണമെന്നർത്ഥം.

തകർന്നുപോയ വീടിന് തൊണ്ണൂറ്റി അയ്യായിരം രൂപയാണ് മാനദണ്ഡപ്രകാരം നൽകാവുന്നത്. നാലുലക്ഷം രൂപയെങ്കിലും കൊടുക്കണമെന്നാണ് സംസ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടുപോലും വീട് തീരില്ല എന്നതാണ് സത്യം. മാനദണ്ഡവും യഥാർത്ഥ ആവശ്യവും തമ്മിൽ വലിയ അന്തരമുള്ള നിലയാണുള്ളത്. ഇതുകൊണ്ടാണ് ഇരുപത്തി ആറായിരം കോടി രൂപയുടേതെങ്കിലും അധിക ധനസമാഹരണം നടത്തിയാലേ കേരളത്തിന്റെ പുനർനിർമാണം യാഥാർത്ഥ്യമാവു എന്നു പറയുന്നത്. കേവലം പൂർവാവസ്ഥയിൽ എത്തുക എന്നതിനപ്പുറം ദുരന്തങ്ങൾക്ക് തകർക്കാനാകാത്ത വിധത്തിലുള്ള ഒരു കേരളത്തെ രൂപപ്പെടുത്തിയെടുക്കുക എന്നതിനാണ് നാം ഊന്നൽ നൽകുന്നത്.

പുനർനിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് അനുയോജ്യവും സുസ്ഥിരവുമാണെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര തലത്തിൽ പ്രഗൽഭരായവരെ നവകേരള നിർമിതിയുടെ ഭാഗമാക്കുകയാണ്. അതിന്റെ ഭാഗമായി കാലവർഷക്കെടുതിയുടെ ഫലമായി കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടായ ആഘാതം സമഗ്രമായി പഠിക്കാൻ സമിതിയെ നിയമിച്ചിട്ടുണ്ട്. കുട്ടനാട് പോലെ സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശമാണ് നെതർലൻഡ്സ്. അതുകൊണ്ട് തന്നെ കുട്ടനാടിന്റെ പുനർനിർമാണത്തിന് അവരുടെ കൂടെ വൈദഗ്ദ്ധ്യം നാം പ്രയോജനപ്പെടുത്തുകയാണ്. ഉപജീവനമാർഗങ്ങൾ നഷ്ടപ്പെട്ടവർക്ക് അനുയോജ്യമായ പുത്തൻ ഉപജീവന സാധ്യതകൾ കണ്ടെത്താൻ, അന്താരാഷ്ട്ര ഏജൻസികളുടെ പങ്കാളിത്തമുള്ള 'ലൈവ്ലിഹുഡ് കോൺഫറൻസ്' സംഘടിപ്പിക്കുകയാണ്. ഇത്തരത്തിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിഭവങ്ങളും അറിവുകളും കേരളത്തിന്റെ പുനർനിർബഹുജനപങ്കാളിത്തത്തോടെയുള്ള പുനർനിർമാണപ്രവർത്തനങ്ങൾക്കാണ് നാം തുടക്കംകുറിച്ചിരിക്കുന്നത്. അത്തരത്തിൽ കേരളത്തിന്റെ പുനർനിർമാണവുമായി കമ്പനികൾക്കും സംഘങ്ങൾക്കും ഒക്കെ സഹകരിക്കാൻ കഴിയുന്ന വിധത്തിൽ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റുഫോം ഏർപ്പെടുത്തിയിരിക്കുകയാണ് നാം. കേരളത്തിന്റെ പുനർനിർമ്മാണത്തിനുതകുന്ന നൂതന ആശയങ്ങൾ ജനങ്ങളിൽ നിന്ന് ശേഖരിക്കാൻ 'ഐഡിയ ഹണ്ട്', 'ഐഡിയ എക്സ്‌ചേഞ്ച്' 'ഹാക്കത്തോൺ' തുടങ്ങിയ പരിപാടികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ തീർത്തും ജനകീയമായ രീതിയിൽ പൊതുജനപങ്കാളിത്തത്തോടെയാണ് കേരളത്തിന്റെ പുനർനിർമാണം സാധ്യമാക്കുന്നത്.

നവകേരള നിർമിതിക്കായി ജനങ്ങളുടെയാകെ ഒരുമയും സഹകരണവും വേണ്ട ഘട്ടമാണിത്. ഭാവി തലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്തം നിർവഹിക്കേണ്ട സമയമാണിത്. കൂട്ടായുള്ള അതിജീവനം മലയാളികളുടെ സവിശേഷതയായി മാറിയിരിക്കുന്ന ഈ അവസരത്തിൽ നവകേരള നിർമിതിക്കായി നമുക്കെല്ലാവർക്കും കൈകോർക്കാം. അങ്ങനെ പുനർനിർമാണത്തിന്റെ പുത്തൻ മാതൃക കൂടി നമുക്ക് ലോകത്തിനുമുമ്പകെ സമർപ്പിക്കാനുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രളയത്തെ അതിജീവിച്ച ജനത എന്ന നിലയിൽ ലോകത്തിനുമുമ്പിൽ തന്നെ മാതൃകയാവുകയാണ് സംസ്ഥാനം. വികസന കാര്യത്തിൽ കേരള മോഡൽ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടതാണ്. അതുപോലെ, പുനർനിർമാണത്തിന്റെ പുതിയ മാതൃകയായി നമ്മുടെ നാടിനെ മാറ്റാനുള്ള പരിശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിനായി എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ചെടുത്തുകൊണ്ട് അവ പ്രായോഗികമാക്കുന്നതിനായി 'റീബിൽഡ് കേരള ഇനിഷ്യേറ്റീവ'് എന്ന ബൃഹദ് പദ്ധതിക്കു തന്നെ രൂപം നൽകിക്കഴിഞ്ഞിരിക്കുകയാണ്. കേരളം നമ്മളെല്ലാവരുടേയുമാണെന്ന ഉത്തമ ബോധ്യത്തോടെ നമുക്കെല്ലാവർക്കും നവകേരള നിർമിതിക്കായി കൈകോർക്കാം. അതാകട്ടെ ഇത്തവണത്തെ കേരളപ്പിറവി ദിനത്തിന്റെ സന്ദേശം.