modi-jacket

സോൾ: ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ഇപ്പോൾ കൂടുതൽ സ്റ്റൈലിഷ് ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മോദി ജാക്കറ്റ്" ധരിച്ച് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്രിയിരിക്കുകയാണ് അദ്ദേഹം. മൂണിന്റെ ഇന്ത്യ സന്ദർശനത്തിനിടെയാണ് മോദിജാക്കറ്റിനോടുള്ള താത്പര്യം അറിയിച്ചത്. വൈകാതെ തന്നെ ജാക്കറ്റുകൾ മൂണിന്റെ അളവിൽ തയ്പ്പിച്ച് സമ്മാനിക്കുകയും ചെയ്തു. സമ്മാനത്തിന് നന്ദി അറിയിച്ചുകൊണ്ട് ജാക്കറ്റ് ധരിച്ച ഫോട്ടോയും മൂൺ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണയായി ധരിച്ചുവരുന്ന സ്ലീവ് ലെസ് ജാക്കറ്റുകളാണ് 'മോദി ജാക്കറ്റ്" എന്നപേരിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. സോൾ സമാധാന പുരസ്കാരത്തിന് അർഹനായ നരേന്ദ്രമോദിക്ക് അദ്ദേഹം അഭിനന്ദനവും അറിയിച്ചു. '' പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് കുറച്ച് മനോഹരമായ തുണിത്തരങ്ങൾ അയച്ചുതന്നു. പരമ്പരാഗത ഇന്ത്യൻ വേഷവിധാനത്തിന്റെ പുതിയ പതിപ്പാണ് 'മോദി ജാക്കറ്റ്." കൊറിയൻ കാലാവസ്ഥയ്ക്കും ഏറെ അനുകൂലമാണിത്." - മൂൺ ജെ. ഇൻ