എൽ ക്ലാസികോയിൽ ബാഴ്സലോണയ്ക്ക് മുൻപിൽ റയൽ മാഡ്രിഡ് തോറ്രു. വെറും തോൽവിയല്ല, സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവിൽ ചിര വൈരികളെ ബാഴ്സലോണ അഞ്ച് ഗോളടിച്ച് നിലംപരിശാക്കി. കാലം കുറച്ചായി ഗോളടി മുരടിച്ച സ്ട്രൈക്കർ ലൂയി സുവാരെസ് നായകൻ മെസിയില്ലാത്ത മത്സരത്തിൽ ഹാട്രിക് നേടി താരമായി. എപ്പോഴും ക്ലാസികോയിൽ താരമാകുന്ന സെർജി റോബർട്ടോ ഇത്തവണയും തിളങ്ങി. എന്നാൽ ബാഴ്സലോണയിൽ കുറച്ചു നാളായി ഉണ്ടായിരുന്ന ഒരു വിടവ് ഇപ്പോൾ നീങ്ങി തുടങ്ങിയതിന്റെ ലക്ഷണമാണ് ഈ മത്സരം. കളി മെസിയിലൊതുക്കാതെ മദ്ധ്യനിരയിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അതിന് പ്രധാന കാരണം ബ്രസീലിൽ നിന്നുള്ള ഒരു 22 വയസുകാരനാണ്. ഈ സീസണിന് മുൻപ് വരെ അത്ര പരിചിതമല്ലാതിരുന്ന പേര് - ആർതുർ മെലോ.
ഗ്രെമിയോയിൽ നിന്നാണ് ആർതുറിന്റെ വരവ്. കുട്ടികാലം മുതൽ തന്റെ എല്ലാമായിരുന്ന ടീം. ഒരിക്കൽ പോലും മറ്റൊരു ടീമിനു വേണ്ടി ആർതുർ കളിച്ചിട്ടില്ല; ബാഴ്സലോണ വിളിക്കും വരെ. ഗ്രെമിയോയിൽ കളിക്കുന്ന കാലത്ത് മറ്റു ബ്രസീലിയൻ കളിക്കാരോട് ആർതുറിനെ ആരും താരതമ്യപ്പെടുത്തിയിരുന്നില്ല. താരതമ്യം ഒക്കെയും സ്പെയിൻ-ബാഴ്സ അതികായന്മാരായ ചാവിയോടും ഇനിയേസ്റ്റയോടും. ഗോളടിക്കുന്നതിനേക്കാളേറെ കളി മെനയുന്നതിലാണ് ആർതുറിന് താത്പര്യം. ബ്രസീലിൽ അങ്ങനെയുള്ള മദ്ധ്യനിരക്കാർ വിരളം. ബ്രസീലിൽ വിരിഞ്ഞ ഒരു ലാ മാസിയൻ പുഷ്പം.
ആർതുറിന് ബാഴ്സയിൽ കളിക്കാൻ ഭാഗ്യമുണ്ടായി എന്ന് പറയും പോലെ തന്നെയാണ് ബാഴ്സയ്ക്ക് ആർതുറിന്റെ ഒപ്പ് കിട്ടിയതെന്നും പറയേണ്ടി വരും. ചാവിയും ഇനിയേസ്റ്റയും കളമൊഴിഞ്ഞ മദ്ധ്യനിര പ്രതാപ കാലത്തിന്റെ നിഴലായി ഒതുങ്ങും എന്ന ഭയം ഏറെ നാളായി ബാഴ്സയ്ക്കുണ്ടായിരുന്നു. ബാഴ്സയുടെ മുൻ സ്പോർട്ടിങ് ഡയറക്ടർ റോബർട്ട് ഫെർണാണ്ടസ് ഗ്രെമിയോയുടെ ഒരു മത്സരം കണ്ടതാണ് വഴിതിരിവായത്. പിന്നെ അധിക കാലമെടുത്തില്ല, ഇനിയേസ്റ്റ പോയ പിറകെ അതേ എട്ടാം നമ്പർ ജേഴ്സി ധരിച്ച് ആർതുർ ബാഴ്സലോണയ്ക്ക് വേണ്ടി കളത്തിലിറങ്ങി. ലോകോത്തര കളിക്കാരായ പലരും ബാഴ്സലോണയുടെ കേളി ശൈലിയോട് പൊരുത്തപ്പെടാൻ വർഷങ്ങളെടുക്കുമ്പോൾ ആർതുർ അനായാസമായി ആ മദ്ധ്യനിരയിലേക്ക് നടന്നു കയറി. ചാവിയെ അനുസ്മരിപ്പിക്കുന്ന കേളി ശൈലി. ഈ 22 കാരന്റെ പന്തടക്കത്തിന്റെ മൂർച്ച ഈ വർഷത്തെ ഫിഫ മികച്ച കളിക്കാരന്റെ പുരസ്കാരം ഏറ്റു വാങ്ങിയ മോഡ്രിച്ചും ക്രൂസും അടങ്ങുന്ന റയൽ മാഡ്രിഡ് മദ്ധ്യ നിര അറിഞ്ഞു. അവർ മാത്രമല്ല ഇത് വരെ കളിച്ച ഓരോ കളികളിലും ആർതുർ തന്റെ ക്ലാസ് തെളിയിച്ചു.
ലോകമറിഞ്ഞു തുടങ്ങി ആർതുറിനെ, ഒരു വർഷം മുൻപ് അധികമാരും അറിയാത്തയാൾ. പ്രായം ആർതുറിനൊപ്പമാണ്. ഇനിയും വിസ്മയങ്ങൾ തീർക്കാനാകട്ടെ ആ കാലുകൾക്ക്. മെസിക്കും ആർതുറിനെ കുറിച്ച് മികച്ച അഭിപ്രായമാണ്. അവന്റെ കളി കണ്ട ഏതൊരാൾക്കും അഭിപ്രായം മറിച്ചാകില്ല. ബാഴ്സ ആരാധകർക്കൊപ്പം ബ്രസീൽ ആരാധകർക്കും നല്ല നാളേക്കായി പ്രത്യാശിക്കാം.