patel
Patel

മുംബയ്: റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലെ അധികാരത്തർക്കം മൂർച്ഛിക്കവേ നിലപാട് മയപ്പെടുത്തി ധനമന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പ്. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരം മാനിക്കപ്പെടേണ്ടതാണെന്നും ആർ.ബി.ഐ ആക്‌ടിലെ ചട്ടങ്ങൾക്ക് അനുസൃതമായി ആ അധികാരം നിലനിറുത്തുമെന്നും ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി പറഞ്ഞു.

ആർ.ബി.ഐ ആക്‌ട് സെക്‌ഷൻ ഏഴ് പ്രകാരം, കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടൽ റിസർവ് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ഗവർണർ ഉ‌ർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർ വിരാൽ വി. ആചാര്യയും വിമർശിച്ചിരുന്നു. തുടർന്ന്, റിസർവ് ബാങ്കിനുമേൽ രൂക്ഷമായ വിമർശനങ്ങളുമായി ജയ്‌റ്റ്‌ലി എത്തിയതോടെ ഗവർണർ സ്ഥാനം ഉർജിത് പട്ടേൽ രാജിവച്ചേക്കുമെന്ന സൂചനകളുണ്ടായി. തുടർന്നാണ്, ജയ്റ്ര്‌ലി വിശദീകരണ കുറിപ്പിറക്കിയത്.

ജനങ്ങളുടെ താത്പര്യവും സമ്പദ്‌വ്യവസ്ഥയുടെ ആവശ്യകതകളും അറിഞ്ഞ് പ്രവർത്തിക്കേണ്ടവയാണ് കേന്ദ്രസർക്കാരും കേന്ദ്രബാങ്കും. ഇതിനായി കേന്ദ്രസർക്കാർ പല ഉപദേശങ്ങളും നൽകും. അത് തുടരുകയും ചെയ്യുമെന്ന് ജയ്‌റ്ര്‌ലി പറഞ്ഞു. എന്നാൽ, ആർ.ബി.ഐ ആക്‌ടിലെ സെക്‌ഷൻ ഏഴ് ഉപയോഗിച്ചോ എന്നതിനെപ്പറ്റി വിശദീകരണത്തിൽ ജയ്‌റ്ര്‌ലി പരാമർശിച്ചിട്ടില്ല.

ഉർജിത് പട്ടേൽ

രാജിവയ്‌ക്കാനിടയില്ല

കേന്ദ്ര സർക്കാരുമായുള്ള തർക്കം മുറുകുകയാണെങ്കിലും റിസർവ് ബാങ്ക് ഗവർണർ സ്ഥാനം ഉർജിത് പട്ടേൽ രാജിവയ്‌ക്കാനിടയില്ല. നവംബർ 19ന് റിസർവ് ബാങ്ക് ഡയറക്‌ടർ ബോർഡ് യോഗം നടക്കുന്നുണ്ട്. ഉർജിത് പട്ടേൽ തന്നെയാണ് യോഗം വിളിച്ചിരിക്കുന്നത്.

തർക്കത്തിന് പിന്നിൽ

കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിലെ പോരിന് പിന്നിലെ കാരണങ്ങൾ നിരവധിയാണ്.

മഞ്ഞുരുകുമോ?

റിസർവ് ബാങ്കും സർക്കാരും തമ്മിലെ പോര് മൂർച്‌ഛിക്കുകയോ ഗവർണർ രാജിവയ്‌ക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്‌ഛായ മോശമാക്കുമെന്നും നിക്ഷേപങ്ങളെ നിരുത്‌സാഹപ്പെടുത്തുമെന്നും വിമർശനങ്ങളുണ്ട്. ഇതൊഴിവാക്കാനായിരിക്കും സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ശ്രമം. ഉർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർമാരും നാളെ ധനമന്ത്രാലയവുമായി ചർച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

ഉർജിത് പട്ടേൽ

ഡോ. രഘുറാം രാജന്റെ പിൻഗാമിയായി രണ്ടുവർഷം മുമ്പാണ് റിസർവ് ബാങ്ക് ഗവർണറായി ഉർജിത് പട്ടേൽ സ്ഥാനമേറ്റത്. മൂന്നു വർഷമാണ് കാലാവധി.

സെക്‌ഷൻ 7

റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ പൊതു താത്പര്യാർത്ഥം കേന്ദ്ര സർക്കാരിനെ ഇടപെടാൻ അനുവദിക്കുന്ന ചട്ടമാണ് ആർ.ബി.ഐ ആക്‌ടിലെ സെക്‌ഷൻ 7. ഇതുവരെ ഒരു സർക്കാരും ഇത് ഉപയോഗിച്ചിട്ടില്ല. 1991ൽ ഇന്ത്യ സാമ്പത്തികമായി തകർന്നപ്പോഴും ഈ ചട്ടം ഉപയോഗിച്ചിട്ടില്ല.