കെവഡിയ: ഗുജറാത്തിലെ സർദാർ സരോവർ ഡാമിന് സമീപം പണിതീർത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർദാർ വല്ലഭായ് പട്ടേൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 2989 കോടി രൂപ മുടക്കി നിർമ്മിച്ച 'ഐക്യ പ്രതിമ"യ്ക്ക് 182 മീറ്ററാണ് ഉയരം.
നർമ്മദ നദിക്കരയിൽ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തപ്പോൾ വ്യോമസേനാ വിമാനങ്ങൾ ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തി.
സ്വതന്ത്ര ഇന്ത്യയെ ഒരുമിപ്പിച്ച് നിറുത്തുന്നതിൽ സർദാർ പട്ടേൽ വഹിച്ച പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശ്മീരിൽ നിന്ന് കന്യാകുമാരിവരെ ഒരു റെയിൽ പാത സാധിച്ചത് പട്ടേലിന്റെ പ്രയത്നം കൊണ്ടാണെന്നും രാജ്യത്തിന്റെ യശസ്സുയർത്തിയ വ്യക്തിത്വങ്ങളെ ഓർമ്മിക്കുന്നത് തെറ്റല്ലെന്നും മോദി പറഞ്ഞു.
''3000 കോടി രൂപയോളം മുടക്കി നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെ രാഷ്ട്രീയപരമായി കാണുകയാണ് നമ്മുടെ രാജ്യത്തെ ജനത. ഇത് എന്തുകൊണ്ടെന്ന് അത്‌ഭുതപ്പെടുകയാണ്. രാജ്യത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നത് എങ്ങനെയാണ് തെറ്രാകുന്നത്"- മോദി ചോദിച്ചു.
പട്ടേൽ പ്രതിമ, ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, മഹാരാഷ്ട്രയിലെ ശിവാജി പ്രതിമ, അംബേദ്കർ മെമ്മോറിയൽ, ശ്യാംജി കൃഷ്ണ വർമ്മ സ്മാരകം തുടങ്ങിയവ രാജ്യത്തിന്റെ ചരിത്രത്തെ ഉയർത്തിപ്പിടിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിൽ അവർ വഹിച്ച പങ്കിനെ വിളിച്ചോതുകയാണെന്നും മോദി പറഞ്ഞു.
രാഹുലിന് കടന്നാക്രമണം
സർദാർ പട്ടേൽ ഏക്യത്തിനായി പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ 'ശിവ ഭക്തൻമാർക്ക്" സോമനാഥ് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ലായിരുന്നെന്ന് രാഹുൽ ഗാന്ധിയുടെ പേരു പറഞ്ഞ് പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'സർദാർ പട്ടേലിന്റെ പ്രയത്നമില്ലായിരുന്നെങ്കിൽ ഗിർ വനത്തിലെ സിംഹങ്ങളെ കാണാനും സോമനാഥ് ക്ഷേത്രത്തിൽ പൂജ ചെയ്യാനും ചാർമിനാർ സന്ദർശിക്കാനും ഇന്ത്യൻ ജനതയ്ക്ക് വിസ ആവശ്യമായി വന്നേനെ"- പ്രധാനമന്ത്രി പറഞ്ഞു.