കോട്ടയം: സോളാർ കേസിനേക്കാളും ഇപ്പോഴത്തെ പീഡനക്കേസിനേക്കാളും തന്നെ വേദനിപ്പിച്ചത് മറൊരു സംഭവമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് കൺവീനറായിരുന്ന സമയത്ത് നടന്ന ട്രെയിൻ യാത്ര വിവാദമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്നും ഭാര്യയുമായി സഞ്ചരിച്ചതിനെ മറ്റ് തരത്തിൽ ചിത്രീകരിച്ചത് തന്നെ തളർത്തിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ കാര്യത്തിൽ പാർട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും ഇതുവരെ കിട്ടിയ അവസരങ്ങളിൽ താൻ പൂർണതൃപ്‌തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധി വ്യത്യസ്ഥ അഭിപ്രായം പറഞ്ഞെങ്കിലും യുക്തമായ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് അവസരം നൽകിയത് നല്ല നിലപാടാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ശബരിമല വച്ചുള്ള കളി കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. ബി.ജെ.പി നടത്തിയ ആക്രമണങ്ങൾ ശബരിമലയോടുള്ള അനാദരവാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.എം സ്വീകരിച്ച നിലപാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സഹായകമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.