23 സ്ഥാനങ്ങൾ മുന്നേറി ഇന്ത്യ 77-ാം സ്ഥാനത്ത്
ദക്ഷിണേഷ്യയിൽ ഇന്ത്യ ഒന്നാമത്
ന്യൂഡൽഹി: ലോക ബാങ്ക് തയ്യാറാക്കിയ ലോകത്തെ ഏറ്രവും മികച്ച ബിസിനസ് സൗഹാർദ്ദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റം. കഴിഞ്ഞവർഷം ചരിത്രത്തിൽ ആദ്യമായി 100-ാം റാങ്കിലെത്തിയ ഇന്ത്യ, ഈവർഷം 23 സ്ഥാനങ്ങൾ മുന്നേറി 77-ാം റാങ്കിലെത്തി. ദക്ഷിണേഷ്യയിൽ ഒന്നാംസ്ഥാനവും ബ്രിക്‌സ് കൂട്ടായ്‌മയിൽ മൂന്നാംസ്ഥാനവും ഇതോടെ ഇന്ത്യ നേടി.
2017ൽ 30 സ്ഥാനങ്ങൾ മുന്നേറിയാണ് ഇന്ത്യ ആദ്യ 100ൽ ഇടംപിടിച്ചത്. രണ്ടുവർഷത്തിനിടെ 53 സ്ഥാനങ്ങൾ ഇന്ത്യ മെച്ചപ്പെടുത്തി. 190 രാജ്യങ്ങളുള്ള പട്ടികയിൽ കഴിഞ്ഞ രണ്ടുവർഷമായി ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നത് ഇന്ത്യയാണെന്ന് ലോകബാങ്ക് വ്യക്തമാക്കി. ഈ നേട്ടം കൈവരിച്ച ഏക ബ്രിക്‌സ് രാജ്യവും ഇന്ത്യയാണ്. ഇന്ത്യയ്ക്ക് പുറമേ ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവയാണ് ബ്രിക്‌സ് കൂട്ടായ്‌മയിലെ അംഗങ്ങൾ.
വ്യവസായ സംരംഭങ്ങൾക്ക് വായ്‌പ, വൈദ്യുതി എന്നിവ അതിവേഗം ലഭ്യമായതും ചെറുകിട നിക്ഷേപകർക്ക് സുരക്ഷിതത്വവുമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യ 25ൽ ഇടംപിടിച്ചുവെന്ന് കഴിഞ്ഞദിവസം കേന്ദ്ര വ്യവസായ നയവികസന വകുപ്പും വ്യക്തമാക്കിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ, ഈ നേട്ടങ്ങൾ നരേന്ദ്ര മോദി സർക്കാരിന് ആശ്വാസമാകും.