karyavattam-one-day
KARYAVATTAM ONE DAY

ഇന്നലെ രാവിലെ ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനത്തിനായി കാര്യവട്ടം സ്‌പോർട്‌സ് ഹബിലെത്തിയിരുന്നു. എന്നാൽ പ്രധാന താരങ്ങളൊന്നും തന്നെ നെറ്റ്‌സിൽ പരിശീലനത്തിന് ഇറങ്ങിയില്ല. നായകൻ വിരാട് കോഹ്‌ലി അടക്കമുള്ള മുൻനിര താരങ്ങൾ മൈതാനത്ത് ഇറങ്ങാതെ ഡ്രസിംഗ് റൂമിൽ വിശ്രമിച്ചു.

രാവിലെ 9.15 ന് പരിശലനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പത്ത് മണിയോടെയാണ് ഇന്ത്യൻ ടീം എത്തിയത്. പരിശീലകൻ രവി ശാസ്ത്രിയുടെ നേതൃത്വത്തിൽ ഉമേഷ് യാദവ്, മനീഷ് പാണ്ഡേ, ഭുവനേശ്വർ കുമാർ, ഋഷഭ് പന്ത്, ലോകേഷ് രാഹുൽ, യുവേന്ദ്ര ചാഹൽ, അമ്പാട്ട് റായിഡു എന്നിവരാണ് നെറ്റ്‌ സെഷനെത്തിയത്. 10.15 ന് തുടങ്ങിയ പരിശീലനം ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. ഉമേഷ് യാദവാണ് ഏറെ നേരം പരിശീലനം നടത്തിയത്.

വെസ്റ്റ് ഇൻഡീസ് ടീം പരിശീലനത്തിന് കാര്യവട്ടത്തേക്ക് എത്തിയില്ല.അവർ കോവളം ലീലാ റാവിസിനോട് ചേർന്ന കടൽത്തീരത്ത് ബീച്ച് വോളിബാളിലും വിനോദപരിപാടികളിലും ഏർപ്പെട്ടു. വിൻഡീസ് സഹപരിശീലകൻ നിക് പോത്താസ് സ്‌പോർട്‌സ് ഹബിൽ എത്തി വാർത്താ സമ്മേളനം നടത്തി മടങ്ങി. ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് ബൗളിംഗ് കോച്ച് ഭരത് അരുണാണ് വാർത്താ സമ്മേളനത്തിന് എത്തിയത്. ഉച്ചയോടെ ഇന്ത്യൻടീം ഹോട്ടലിലേക്ക് മടങ്ങി. മാച്ച് റഫറിയും അംപയർമാരും മൈതാനവും പിച്ചുകളും പരിശോധിക്കാൻ എത്തിയിരുന്നു. റണ്ണൊഴുകുന്ന രണ്ടു പിച്ചുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

വൈകിട്ട് അഞ്ചോടെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രിയും ശിഖർ ധവാനും ഉമേഷ് യാദവും അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ വർഷം വന്നപ്പോഴും ശാസ്ത്രി പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയിരുന്നു.