ഇസ്ലാമാബാദ്: മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്ക് വിധിച്ച ക്രിസ്ത്യൻ യുവതിയെ പാക് സുപ്രീംകോടതി വെറുതെവിട്ടു. ഒൻപതുവർഷത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് ആസിയ ബിബി എന്ന സ്ത്രീയെ മോചിപ്പിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയെയും ഖുറാനെയും അപമാനിച്ചെന്നാണ് മദ്ധ്യ പാകിസ്ഥാൻ സ്വദേശിയായ ബിബിക്കെതിരെയുള്ള കേസ്
ബിബി വെള്ളം കുടിച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ വിസമ്മതിച്ച മുസ്ലിം യുവതികളോട് മതത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. 2009ൽ നടന്ന സംഭവത്തിൽ 2010 നവംബറിൽ ആസിയ ബിബിയെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. നാലുവർഷത്തിനുശേഷം ഹൈക്കോടതിയും വധശിക്ഷ ശരിവച്ചു. എന്നാൽ ഈ രണ്ട് വിധികളും സുപ്രീംകോടതി ഇന്നലെ റദ്ദാക്കി.
വിധിക്കെതിരെ മുസ്ലിം സംഘടനകളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്.