sirisena

കൊളംബോ: ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരവെ ഐക്യരാഷ്ട്രസഭ ഉന്നതോദ്യോഗസ്ഥൻ പ്രസിഡന്റ് സിരിസേനയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ അട്ടിമറിയിലൂടെ പുറത്താക്കി മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി അവരോധിച്ച സിരിസേനേയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ദിവസങ്ങളായി ശ്രീലങ്കയിൽ അരങ്ങേറുന്നത്.

യു.എൻ റെഡിഡന്റ് കോ-ഓഡിനേറ്റർഹനാ സിംഗറാണ് ഇന്നലെ സിരിസേനയെ കണ്ടത്. ശ്രീലങ്കൻ സംഭവ വികാസങ്ങളിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിനിധി സന്ദർശനം.

ഭരണഘടനാപരമായ നടപടികൾ മാത്രമാണ് ഇതുവരെ ശ്രീലങ്കൻ സർക്കാർ കൈക്കൊണ്ടതെന്നും ജനാധിപത്യ വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും യു.എൻ പ്രതിനിധിയെ അറിയിച്ചതായി സിരിസേന വ്യക്തമാക്കി.