മുംബയ് : സർദാർ പട്ടേൽ സോമനാഥ ക്ഷേത്രം പുനർനിർമ്മിച്ചതു പോലെ കേന്ദ്ര സർക്കാർ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആർ.എസ്.എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടു. രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരണം. രാമക്ഷേത്രം നിർമ്മിക്കുന്നത് രാജ്യത്തിന്റെ അഭിമാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
താനെയിൽ ആർ.എസ്.എസിന്റെ അഖില ഭാരതീയ കാര്യകർണി മണ്ഡലിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വൈദ്യ. അയോദ്ധ്യക്കേസ് സുപ്രിം കോടതിയുടെ പരിഗണയിൽ വരാനിരിക്കെയാണ് ആർ.എസ്.എസ് നേതാവിന്റെ പ്രസ്താവന.
ആർ.എസ്.എസ് അദ്ധ്യക്ഷൻ മോഹൻ ഭഗവതും രാമക്ഷേത്രത്തിനായി നിയമനിർമ്മാണം നടത്തണമെന്ന് നേരത്തേ ആവശ്യമുന്നയിച്ചിരുന്നു. ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും ഇതേ ആവശ്യവുമായി രംഗത്തുവന്നിരുന്നു.