തിരുവനന്തപുരം: വൻകിട പ്ളാസ്റ്റിക് നിർമ്മാണ, കയറ്റുമതി സ്ഥാപനമായ ഫാമിലി പ്ളാസ്റ്റിക്കിൽ ഇന്നലെ വൈകിട്ടുണ്ടായ വൻ അഗ്നിബാധയിൽ രണ്ട് ഗോഡൗണും നിർമ്മാണയൂണിറ്റുകളിൽ ഒന്നും പൂർണ്ണമായി കത്തിനശിച്ചു. കോടിക്കണക്കിന് രൂപ വിലവരുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിർമ്മാണസാമഗ്രികളുമാണ് അഗ്നി വിഴുങ്ങിയത്. കനത്തപുക ശ്വസിച്ച് സുരക്ഷാജീവനക്കാരൻ അബോധാവസ്ഥയിലായി.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കഴക്കൂട്ടം മേനംകുളത്തിനടുത്തുള്ള മൺവിള വ്യവസായമേഖലയിലെ പ്ളാസ്റ്റിക് ഗൃഹോപകരണ നിർമ്മാണ സ്ഥാപനമായ ഫാമിലി പ്ളാസ്റ്റിക്കിൽ തീപിടിത്തമുണ്ടായത്. വ്യവസായമേഖലയിലെ നാല് സൈറ്റുകളിലായി പടർന്നുകിടക്കുന്ന ഫാക്ടറിയിലെ ഗോഡൗണിലാണ് തീ ആദ്യം കണ്ടത്. കനത്തപുക ഉയരുന്നതുകണ്ട നാട്ടുകാരാണ് കമ്പനി ജീവനക്കാരെയും ഫയർ, പൊലീസ് വിഭാഗങ്ങളെയും അറിയിച്ചത്.
450 ഓളം ജീവനക്കാർ പണിയെടുക്കുന്ന സ്ഥാപനത്തിൽ പകൽഷിഫ്റ്റ് കഴിഞ്ഞ് രാത്രി ഷിഫ്റ്റിലേക്ക് ജീവനക്കാർ മാറുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഉടൻ ജീവനക്കാരെ പൂർണ്ണമായും മാറ്റാനായതിനാൽ വൻ ദുരന്തം ഒഴിവായി. ബംഗാൾ സ്വദേശി ജയറാം രഘു(18)ആണ് പുക ശ്വസിച്ച് അബോധാവസ്ഥയിലായത്. ജയറാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടു ദിവസംമുമ്പും ഇവിടെ ചെറിയ തോതിൽ തീപിടിത്തമുണ്ടായി.
നിയന്ത്രിക്കാനാവാതെ തീ
ചാക്ക, നെടുമങ്ങാട്, ചെങ്കൽചൂള, കഴക്കൂട്ടം, ടെക്നോപാർക്ക്,വി. എസ്.എസ്. സി. എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഡസനോളം ഫയർ എൻജിനുകൾ രണ്ടുമണിക്കൂറോളം പ്രയത്നിച്ചിട്ടും തീ നിയന്ത്രിക്കാനായില്ല. പ്ളാസ്റ്റിക് കെമിക്കൽ വസ്തുക്കൾ കത്തുന്നത് അണയ്ക്കാൻ കഴിയാത്തതാണ് പ്രശ്നമായത്. കെമിക്കൽ ലായനിയും മറ്റും പമ്പ് ചെയ്താണ് തീ പടർന്നുപിടിക്കുന്നത് തടയാൻ ശ്രമിച്ചത്. സമീപത്തെ നാൽപതോളം സ്ഥാപനങ്ങളിൽ നിന്നു ജീവനക്കാരെ ഒഴിപ്പിച്ചു.
വൻ കയറ്റുമതി സ്ഥാപനം
ചിറയൻകീഴ് സ്വദേശിയായ സിൻസൺ ഫെർണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള ഫാമിലി പ്ളാസ്റ്റിക് സംസ്ഥാനത്തെ പ്രധാന പ്ളാസ്റ്റിക് കയറ്റുമതി സ്ഥാപനമാണ്. ആഴ്ചയിൽ മൂന്ന് കണ്ടെയ്നർ പ്ളാസ്റ്റിക് ഉത്പന്നങ്ങളാണ് ഇവിടെനിന്ന് കയറ്റിപ്പോകുന്നത്.
കരണം ഷോർട്ട് സർക്യൂട്ട്?
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ഗോഡൗൺ, അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്, നിർമ്മാണ യൂണിറ്റ് എന്നിവ കത്തി നശിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലെത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നേതൃത്വം നൽകി.
വീഡിയോ