ആലപ്പുഴ: ആറുമാസം പ്രായമുള്ള മകളെ കട്ടിലിൽ അടിച്ചു കൊന്നശേഷം ജഡം കടലിൽ എറിഞ്ഞ കേസിൽ മാതാപിതാക്കൾക്ക് ജീവപര്യന്തവും സഹായിയ്ക്ക് മൂന്നര വർഷം കഠിനതടവും വിധിച്ചു. ഉത്തർപ്രദേശ് ഡർവ്യാ പാണ്ഡ്യാപൂർ ഹരിമാക്കുവ ചിക്കിനിദാർ ബാഷ്ദേവ് (48), ഭാര്യ പ്രതിഭ (33), കുടുംബസുഹൃത്ത് ബീഹാർ മോധ്യാരി ജില്ലക്കാരനായ ഘനോജ് പ്രസാദ് (സനോജ്-36) എന്നിവർക്കാണ് ആലപ്പുഴ അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്‌ജ് എസ്.എച്ച്.പഞ്ചാപകേശൻ ശിക്ഷ വിധിച്ചത്. ഒന്നും രണ്ടും പ്രതികൾ ഒരു ലക്ഷംരൂപ വീതം പിഴയുമടയ്ക്കണം. തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷത്തെ കഠിന തടവും ഇവർക്ക് വിധിച്ചു. 2015 ഒക്ടോബർ 12നാണ് കേസിനാസ്പദമായ സംഭവം. കായംകുളം മത്സ്യമാർക്കറ്റിന് പടിഞ്ഞാറ് കണിയാംപറമ്പ് വീടിന്റെ ചായ്പിൽ താമസിക്കവേയാണ് ബാഷ്ദേവും പ്രതിഭയും ചേർന്ന് ആറുമാസം പ്രായമുള്ള മകൾ ശിവാനിയെ മർദ്ദിച്ചും കട്ടിലിൽ എടുത്തടിച്ചും കൊന്ന് സുഹൃത്ത് സനോജിന്റെ സഹായത്തോടെ കടലിൽ എറിഞ്ഞത്. മൂന്നാമത്തെ കുട്ടിയും പെൺകുട്ടിയായതിനാൽ വളർത്തുന്നതിനുള്ള ബുദ്ധിമുട്ട് മൂലം കൊലപ്പെടുത്തിയതാണെന്ന് പ്രതികൾ സമ്മതിച്ചു. സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്നുള്ള പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സി.വിധുവിന്റെ വാദം കോടതി അംഗീകരിച്ചു.