കൊച്ചി: ശബരിമല നട തുറക്കുമ്പോൾ അക്രമം തുടരുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിടിച്ച് താഴെയിടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ. നവംബർ അഞ്ചിന് ശബരിമല നട തുറക്കുമ്പോൾ പതിവ് പോലെ അയ്യപ്പ ഭക്തൻമാർ അവിടെയെത്തി ആചാരനുഷ്ടാനങ്ങൾ നടത്തുമെന്നും കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഓൺലെെൻ സംവിധാനം കൊണ്ട് വന്നത് ദുരുദ്ദേശത്തോടെയാണെന്നും ഓൺലെെൻ രജിസ്റ്റർ ചെയ്യുന്നവരുടെ പശ്ചാത്തലം സർക്കാർ പൊലീസിനെ കൊണ്ട് അന്വേഷിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാൻ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബി.ജെ.പിയിൽ എത്തുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധി നിലപാട് പ്രഖ്യാപിച്ചതോടെ പല കോൺഗ്രസുകാർക്കും വീട്ടിൽ കയറാനാകാത്ത അവസ്ഥയാണ്"- എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.