ന്യൂഡൽഹി: എയർസെൽ മാക്സിസ് അഴിമതി കേസിൽ മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ കസ്റ്രഡിയിൽ ചോദ്യംചെയ്യാനായി വിട്ടുനൽകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെട്ടു. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഡൽഹി ഹൈക്കോടതിയോടാണ് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ജാമ്യാപേക്ഷയെ എതിർത്ത ഇ.ഡി, ചിദംബരം കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതിയിൽ വ്യക്തമാക്കി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രത്യേക ജഡ്ജി ഒ.പി. സൈനി ഇന്ന് വാദം കേൾക്കും. കസ്റ്റഡിയിൽ ചോദ്യം ചെയ്യാതെ സത്യം കണ്ടെത്താൻ കഴിയില്ലെന്നും എൻഫോഴ്സമെന്റ് വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ ചിദംബരം കഴിവുപയോഗിച്ച് ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും എൻഫോഴ്സ്‌മെന്റ് വ്യക്തമാക്കി.
ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും ജാമ്യം നവംബർ ഒന്നുവരെ നീട്ടിക്കൊണ്ട് ഒക്ടോബർ എട്ടിനാണ് കോടതി ഉത്തരവിട്ടത്.
എയർസെൽ മാക്സിസ് അഴിമതി കേസിൽ എൻഫോഴ്സ്‌മെന്റും സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒന്നാം പ്രതി ചിദംബരത്തിന് പുറമെ മറ്റ് ഒമ്പത് പേർ കൂടി പ്രതികളായുണ്ട്. 2006ൽ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബയ് ആസ്ഥാനമായി പ്രവർത്തിച്ച എയർസെൽ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങൾ ലംഘിച്ച് അനുമതി നൽകിയെന്നാണ് കേസ്.