തിരുവനന്തപുരം: അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിന് പകരം അഴിമതിക്ക് അവസരം നൽകാത്ത അവസ്ഥ കേരളത്തിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെയും സംസ്ഥാനതല ശിൽപശാലയുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി എവിടെയായാലും കർശന നടപടിയെടുക്കണമെന്നാണ് സർക്കാർ നിലപാട്. സൈര്യജീവിതത്തിനൊപ്പം ക്ഷേമജീവിതവും ഉറപ്പാക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. അഴിമതി വിമുക്ത കേരളമാണ് ലക്ഷ്യം. ഇതിനായി കൃത്യമായ നിരീക്ഷണ സംവിധാനം വിജിലൻസ് ഉറപ്പാക്കണം. പരാതികൾ ഉണ്ടായാൽ കർശനനടപടി വേണം.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ വിജിലൻസ് ഇടപെടൽ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായാണ്. ആയിരത്തോളം റെയ്ഡുകൾ ഒരുവർഷത്തിനിടെ നടത്താനായത് വിജിലൻസ് പ്രവർത്തനത്തിന്റെ മികവാണ് തെളിയിക്കുന്നത്. അങ്ങേയറ്റം വിശ്വാസ്യതയും മനഃശുദ്ധിയും ഉദ്യോഗസ്ഥർ പുലർത്തുമ്പോഴാണ് ആസൂത്രണം ചെയ്യുന്ന പരിശോധനകൾ വിജയമാകുന്നത്.
ഇന്നത്തെക്കാലത്ത് അഴിമതി പലവിധ മാർഗങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നതും വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതും. നൂതനസാങ്കേതിക വിദ്യകൾ തട്ടിപ്പിന് ഉപയോഗിക്കുന്നതിനാൽ ഉദ്യോഗസ്ഥരും ഉയർന്ന സാങ്കേതികവിദ്യകൾ സ്വായത്തമാക്കണം. ഡിജിറ്റൽ തെളിവുകൾ സ്വീകരിക്കാനും അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. ഇതിനായി വിദഗ്ധപരിശീലനം നൽകാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സൈബർ സെന്ററുകൾ അനുവദിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ വിജിലൻസിന് ഇടപെടാൻ കഴിയില്ലെന്ന് തോന്നുന്ന വിവിധ മേഖലകളുടെ ശുദ്ധീകരണത്തിനും ഒട്ടേറെക്കാര്യങ്ങൾ ചെയ്യാനാകും. സ്‌കൂൾ പ്രവേശനം, കലോത്സവം, പൊതുജനാരോഗ്യം, കാർഷികം, ആദിവാസിപിന്നാക്കക്ഷേമം തുടങ്ങിയ മേഖലകളിൽ അനഭിലഷണീയ പ്രവണതകളുണ്ട്. ചിലരംഗങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയത് ഫലമുണ്ടാക്കി. വിജിലൻസ് പ്രവർത്തനങ്ങളിൽ ജനങ്ങളെ ഒപ്പം നിർത്തണമെന്നത് പ്രധാനമാണ്. കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും.
രണ്ടരവർഷമായി വിജിലൻസിന്റെ മതിപ്പും വിശ്വാസ്യതയും നല്ലരീതിയിൽ വർധിപ്പിക്കാനായി. അഴിമതിക്കെതിരായ പ്രവർത്തനങ്ങളിൽ രാജ്യത്തിന് തന്നെ കേരളം മാതൃകയാണെന്നാണ് വിവിധ ഏജൻസികൾ വിലയിരുത്തിയിട്ടുള്ളത്. അനാവശ്യതടസ്സങ്ങൾ ഉണ്ടാവാതെ സർക്കാർ ഓഫീസുകളിൽ കാര്യങ്ങൾ വേഗം നടക്കണം. ഇ ഓഫീസ് സംവിധാനവും ബയോമെട്രിക് പഞ്ചിംഗും വ്യാപകമാക്കുന്നതോടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പണ്ടുമുതലേയുള്ള അഴിമതി കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും. വിജിലൻസിലെ ഫയൽനീക്കം വേഗത്തിലാക്കാനും ഇ ഗവേണൻസ് ഉപയോഗിക്കും. വകുപ്പിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും. മുട്ടത്തറയിൽ വകുപ്പിന് ആസ്ഥാനമന്ദിര നിർമാണവും പുരോഗമിക്കുന്നുണ്ട്.കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. അഴിമതിക്കെതിരായ അവബോധം സംസ്‌കാരമായി വളർത്തിയെടുക്കണം. അഴിമതി കണ്ടാൽ ധൈര്യപൂർവം ഇടപെടാനും വിജിലൻസിനെ അറിയിക്കാനും ജനങ്ങൾക്കാകണം"- മുഖ്യമന്ത്രി വ്യക്തമാക്കി.