ന്യൂഡൽഹി: ബിസിനസ് എളുപ്പത്തിൽ നടത്താൻ കഴിയുന്ന രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും വൻമുന്നേറ്റം. ലോകബാങ്ക് തയ്യാറാക്കിയ പട്ടികയിൽ 23 സ്ഥാനങ്ങൾ മറികടന്ന് ഇന്ത്യ 77ാം റാങ്കിലെത്തി. 190 രാജ്യങ്ങളുൾപ്പെടുന്ന പട്ടികയിലാണ് ഇന്ത്യയുടെ ഈ നേട്ടം.
കഴിഞ്ഞ വർഷം 30 സ്ഥാനങ്ങൾ കടന്ന് ഇന്ത്യ 100-ാമത് എത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ നരേന്ദ്ര മോദി സർക്കാരിന് ശക്തി പകരുന്നതാണ് റാങ്കിങ്ങിലെ ഈ കുതിച്ചുചാട്ടം. ഒരു രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനും നടത്തുന്നതിനുമായുള്ള പത്ത് ഘടകങ്ങളിൽ ആറിലും ഇന്ത്യ മികവ് തെളിയിച്ചതായി ലോകബാങ്ക് അറിയിച്ചു. ന്യൂസിലൻഡാണ് പട്ടികയിൽ ഒന്നാമത്. സിംഗപ്പൂർ, ഡെൻമാർക്ക്, ഹോങ്കോംഗ്, കൊറിയൻ റിപ്പബ്ലിക്, ജോർജിയ, നോർവേ, യു.എസ്.എ, യു.കെ, മാസഡോണിയ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. നിർമ്മാണ അനുമതി, വൈദ്യുതി, വായ്പ തുടങ്ങിയവ ലഭ്യമാക്കുന്നതിലെ മികവ്, നികുതി അടയ്ക്കൽ, അതിർത്തികളിലൂടെയുള്ള വ്യാപാരം, കരാറുകള്‍ നടപ്പിലാക്കുകയും തീർപ്പു കൽപ്പിക്കുകയും ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ മെച്ചപ്പെടുത്തിയതാണ് ബിസിനസ് നടത്തുന്നതിന് എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് മുന്നേറാനായത്. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റപ്പോൾ ഇന്ത്യ 142-ാം സ്ഥാനത്തായിരുന്നു.