ന്യൂഡൽഹി:ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റാഫേൽ യുദ്ധവിമാനങ്ങളുടെ വിലവിവരങ്ങൾ അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പാർലമെന്റിൽ പോലും വെളിപ്പെടുത്താത്ത വിവരങ്ങൾ കോടതിയെ അറിയിക്കാൻ പറ്റില്ലെന്ന് കേന്ദ്രസർക്കാരിന്റെ മറുപടി.എങ്കിൽ എന്തുകൊണ്ട് അറിയിക്കാൻ പറ്റില്ലെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി.
റാഫേൽ ഇടപാടിനെതിരെയുള്ള പൊതു താൽപര്യ ഹർജികൾ ഇന്നലെ വീണ്ടും പരിഗണിച്ചപ്പോഴാണ് വിലവിവരങ്ങൾ പത്തുദിവസത്തിനകം മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നാണ് ഹ്രസ്വമായ ഉത്തരവിൽ കോടതി ആവശ്യപ്പെട്ടത്. എന്നാൽ, തന്ത്രപ്രധാനവും രഹസ്യ സ്വഭാവവുമുള്ള വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ ബോധിപ്പിച്ചു.
ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ്‌മാരായ യു.യു ലളിത്, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് സർക്കാരിനെ വെട്ടിലാക്കിയ ഉത്തരവിട്ടത്. ഒരു വിമാനത്തിന്റെ വിലയും ആ വിലയ്‌ക്ക് വാങ്ങുന്നത് കൊണ്ടുള്ള നേട്ടങ്ങൾ, ഫ്രഞ്ച് കമ്പനി ദസോയുടെ ഇന്ത്യൻ ഓഫ്സെറ്റ് പങ്കാളിയായി റിലയൻസ് ഡിഫൻസ് വന്നതെങ്ങനെ തുടങ്ങിയ വിവരങ്ങളാണ് കോടതി ആവശ്യപ്പെട്ടത്.
വില പുറത്തുവിട്ടാൽ യുദ്ധവിമാനത്തിന്റെ സാങ്കേതിക സവിശേഷതകൾ പുറത്തുപോകുമെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നുമാണ് കേന്ദ്ര നിലപാട്.
ഇടപാടിന്റെ പലകാര്യങ്ങളും ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയിൽ വരുമെന്നതിനാൽ പുറത്തുവിടാനാകില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു. വില വെളിപ്പെടുത്താനാവില്ലെങ്കിൽ അതിന്റെ കാരണങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണം. അക്കാര്യങ്ങൾ കേൾക്കാൻ തയ്യാറാണെന്നും കോടതി വാക്കാൽ വ്യക്തമാക്കി.
റാഫേൽ കരാറിലേക്ക് നയിച്ച തീരുമാനം എടുത്തത് എങ്ങനെയെന്ന് അറിയിക്കാൻ ഒക്ടോബർ 10ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. വിമാനത്തിന്റെ വിലയോ, സാങ്കേതിക വിവരങ്ങളോ വേണ്ടെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെ വീണ്ടും ഹർജി പരിഗണിച്ചപ്പോൾ വിലവിവരങ്ങളും തേടുകയായിരുന്നു. തീരുമാനം എടുത്തത് സംബന്ധിച്ച് കേന്ദ്രം സമർപ്പിച്ച റിപ്പോർട്ടിൽ ഏതൊക്കെ വിവരങ്ങൾ ഹർജിക്കാർക്ക് കൈമാറാം എന്നും പത്തുദിവസത്തിനകം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. ഇടപാട് വിവരങ്ങളും, അംബാനിയുടെ കമ്പനിയെ ഓഫ്സെറ്റ് പങ്കാളിയാക്കിയതും ഹർജിക്കാരും സമൂഹവും അറിയണമെന്ന് കോടതി പറഞ്ഞു.
നവംബർ 14ന് കേസ് വീണ്ടും കേൾക്കും.
ആദ്യം സി.ബി.ഐ നേരെയാകട്ടെ
ആംആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് , മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, എം.എൽ ശർമ്മ, വിനീത് ധൻഡെ എന്നിവരാണ് റാഫേൽ ഇടപാടിനെതിരെ പൊതുതാത്പര്യ ഹർജി നൽകിയത്.
റാഫേൽ ഇടപാടും അനിൽ അംബാനിയെ ഓഫ്സൈറ്റ് പങ്കാളിയാക്കിയതും കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. 'അതിന് നിങ്ങൾ കാത്തിരിക്കണം. ആദ്യം സി.ബി.ഐ നേരെയാകട്ടെയെന്ന് ' സി.ബി.ഐയിലെ തമ്മിലടിയും കോടതിയിലുള്ള ഹർജികളും പരോക്ഷമായി സൂചിപ്പിച്ച് ചീഫ്ജസ്റ്റിസ് പറഞ്ഞു.