തിരുവനന്തപുരം: തലസ്ഥാനം ഇന്ന് സ്പോർട്സ് ഹബ്ബിലേക്ക്. ഒരാണ്ടത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടുമെത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ലഹരിയിലാണ് നഗരം. കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മത്സരത്തിനായുള്ള അവസാനവട്ട സജ്ജീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. പരമ്പര വിജയികളെ തീരുമാനിക്കുന്ന മത്സരമെന്ന നിലയിൽ ഫൈനൽ പോരാട്ടത്തിന്റെ ആവേശമാണ് ഇന്ത്യ-വിൻഡീസ് ഏകദിന മത്സരത്തിന്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. 11 മുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും.
നമ്പർ വൺ ആരാധകനും കാര്യവട്ടത്ത്
ഇന്ത്യൻ ടീമിന്റെയും സച്ചിന്റെയും വലിയ ആരാധകനായ ബീഹാറുകാരൻ സുധീർകുമാർ ചൗധരിയും തിരുവനന്തപുരത്തെ കാണികൾക്കൊപ്പം ടീമിന് ആവേശം പകർന്ന് ഗാലറിയിൽ ഉണ്ടാകും. രണ്ടു ദശാബ്ദത്തോളമായി വിദേശത്തും സ്വദേശത്തും നടക്കുന്ന ഇന്ത്യൻ ടീമിന്റെ എല്ലാ മത്സരങ്ങളിലും സുധീർ ഗാലറിയിലുണ്ടാകും. ഇപ്പോൾ ഇന്ത്യൻ ടീം തന്നെയാണ് സുധീറിന്റെ സ്പോൺസർ. ചൊവ്വാഴ്ച വൈകിട്ടാണ് സുധീർ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. അപ്പോൾ മുതൽ ആരാധകർ സുധീറിനെ തിരിച്ചറിഞ്ഞ് സെൽഫിയെടുക്കാൻ തിരക്കുകൂട്ടി. ഇന്നലെ രാവിലെ പതാകയുമായി കാര്യവട്ടം സ്റ്റേഡിയത്തിൽ എത്തിയ സുധീർ ആരാധകരുടെ മുഖ്യ ആകർഷണമായി. മത്സരം ഇന്ത്യ ജയിക്കുമെന്നും 300ന് മുകളിൽ സ്കോർ ഉണ്ടാകുമെന്നും സുധീർ പ്രവചിക്കുന്നു.
ആവേശത്തോടെ ക്രിക്കറ്റ് പ്രേമികൾ
കാര്യവട്ടത്ത് നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ ആവേശത്തോടെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കാണികൾ. 70 ശതമാനത്തോളം ടിക്കറ്റുകൾ ഇന്നലെ വൈകിട്ട് വരെ വിറ്റുതീർന്നു. കഴിഞ്ഞ വർഷം നവംബർ 7ന് നടന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിൽ മഴ രസംകൊല്ലിയായിട്ടും കാണികളുടെ വൻ പിന്തുണയാണ് ലഭിച്ചത്. ഇന്ത്യ-ന്യൂസിലാൻഡ് ടീം മാനേജ്മെന്റും കളിക്കാരും ക്രിക്കറ്റ് നിരീക്ഷകരുമെല്ലാം തിരുവനന്തപുരത്തെ കാണികളെ അഭിനന്ദിച്ചിരുന്നു. ഈ ഓളം തന്നെയാണ് ഇന്നത്തെ മത്സരത്തിനും പ്രതീക്ഷിക്കുന്നത്. വടക്കൻ ജില്ലകളിൽ നിന്നുളള ഒട്ടേറെ ക്രിക്കറ്റ് പ്രേമികൾ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മഴ കാരണം 16 ഓവർ മാത്രമാണ് ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി-20 നടന്നത്. ഇത്തവണ അതിന്റെ കുറവു തീർത്ത് ഒരു മുഴുനീള ഏകദിന പോരാട്ടം കാണാനാണ് കാത്തിരിക്കുന്നതെന്ന് ക്രിക്കറ്റ് ആസ്വാദകർ പറയുന്നു.കഴിഞ്ഞ ദിവസം എയർപോർട്ടിൽ ലഭിച്ച ഉജ്ജ്വല സ്വീകരണം താരങ്ങളെയും ആവേശത്തിലാക്കിയിട്ടുണ്ട്. ക്യാപ്ടന്മാരായ വിരാട് കൊഹ്ലിയും ജേസൺ ഹോൾഡറും കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് എഴുതുകയും ചെയ്തു. കാണികളുടെ ആവേശത്തെ ഒട്ടും കുറയ്ക്കാത്ത പോരാട്ടം കാഴ്ചവയ്ക്കാൻ ഇത് താരങ്ങൾക്കും പ്രോത്സാഹനമാകും. പരമ്പരയിൽ ഇന്ത്യ 2-1 ന് മുമ്പിലാണ്. ഇന്ന് ഇന്ത്യ ജയിച്ചാൽ പരമ്പര 3-1ന് സ്വന്തമാക്കാം. തോൽവിയാണെങ്കിൽ പരമ്പര 2-2ന് സമനിലയാകും.
പതിനൊന്നോടെ താരങ്ങളെത്തും
കളിക്കു മുമ്പ് പരിശീലനത്തിനായി രാവിലെ പതിനൊന്നോടെ ഇന്ത്യ, വിൻഡീസ് താരങ്ങൾ സ്റ്റേഡിയത്തിൽ എത്തും. ഇന്നലെ പരിശീലനത്തിന് എത്താതിരുന്ന വിൻഡീസ് താരങ്ങളായിരിക്കും നേരത്തേ എത്തുക. ഇന്ത്യൻ താരങ്ങൾ ഇന്നലെ ഒന്നര മണിക്കൂറോളം ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലനം നടത്തി. വിൻഡീസ് ടീം ഇന്നലെ ബീച്ച് വോളിയും വിശ്രമവുമായി കോവളത്ത് തന്നെ സമയം ചെലവിട്ടു. ഇന്ത്യൻ താരങ്ങൾ പതിവു പോലെ കൊഹ്ലിയുടെ നേതൃത്വത്തിൽ ഫുട്ബാൾ ഉൾപ്പെടെയുള്ള പരിശീലനമായിരിക്കും ഇന്ന് നടത്തുക. കൂടെ നെറ്റ് ബാറ്റിംഗ്, ബൗളിംഗ് പ്രാക്ടീസും നടത്തും.
കൊഹ്ലി, ധോണി ടീ ഷർട്ടിന് ഡിമാൻഡ്
ഇന്നലെ മുതൽ കാര്യവട്ടം സ്റ്റേഡിയം പരിസരത്ത് പതാക, ടീഷർട്ട്, തൊപ്പി വില്പനക്കാരുടെ ബഹളമാണ്. ഒട്ടേറെ ആരാധകർ ഇന്നലെ തന്നെ ടീഷർട്ടും പതാകയും വാങ്ങാനെത്തി. വിരാട് കൊഹ്ലിയുടെയും ധോണിയുടെയും പേരുകളെഴുതിയ ടീഷർട്ടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. രോഹിത്തിനും ആരാധകരേറെയാണ്. ഇന്ത്യൻ പതാകയും ത്രിവർണ സ്റ്റിക്കറുകളും തൊപ്പിയും കൈയിൽ കെട്ടുന്ന സ്ട്രാപ്പുകളുമെല്ലാം വില്പനയ്ക്കുണ്ട്. ചായക്കൂട്ടുകളുമായും ഒട്ടേറെ കച്ചവടക്കാർ സ്റ്റേഡിയം പരിസരത്ത് എത്തിയിട്ടുണ്ട്. ആരാധകർക്ക് മുഖത്ത് ത്രിവർണ ചായം തേയ്ക്കാൻ ഇന്ന് രാവിലെ മുതൽ സ്റ്റേഡിയത്തിലേക്കുള്ള വഴിനീളെ കച്ചവടക്കാരുണ്ടാകും.
സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത് ഇങ്ങനെ
മൂന്ന് വയസിന് മുകളിലുള്ളവർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് നിർബന്ധം
മൊബൈലിലോ ഇ മെയിലിലോ ലഭിക്കുന്ന ഇടിക്കറ്റിലെ ക്യൂ ആർ കോഡോ ഇ-ടിക്കറ്റിന്റെ പ്രിന്റൗട്ടിലെ ക്യൂ ആർ കോഡോ സ്കാൻ ചെയ്താണ് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം
സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തയാളുടെ ഐ.ഡി പ്രൂഫ് നിർബന്ധമാണ്.
ഗ്രൂപ്പ് ബുക്കിംഗിന് പ്രൈമറി ടിക്കറ്റ് ഹോൾഡറുടെ ഐ.ഡി പ്രൂഫിന്റെ കോപ്പി കാണിച്ച് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാം.
രാവിലെ 11 മുതലാണ് സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം തുടങ്ങുക.
പാർക്കിംഗ് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ
ഭക്ഷണം സ്റ്റേഡിയത്തിൽ റെഡി
കാണികൾക്കുള്ള ഭക്ഷണം സ്റ്റേഡിയത്തിൽ റെഡി. ചപ്പാത്തിയും ചായയും വടയുമെല്ലാം തുച്ഛമായ വിലയിൽ കിട്ടും. ജയിൽ വകുപ്പിന്റെയും കുടുംബശ്രീ, അയൽക്കൂട്ടം, മിൽമ എന്നിവയുടെയും നേതൃത്വത്തിൽ ഭക്ഷണ, പാനീയ കൗണ്ടറുകൾ പ്രവർത്തിക്കും. കഴിഞ്ഞ വർഷത്തേതു പോലെ സ്റ്റേഡിയത്തിന്റെ അപ്പർ ലെവൽ ഗാലറിയിൽ ജയിൽ വകുപ്പിന്റെ ഫുഡ് കോർട്ടുകൾ സജ്ജീകരിക്കും. ഗാലറിയുടെ ഇരുവശങ്ങളിലായി ആറു വീതം കൗണ്ടറുകളായിരിക്കും ഉണ്ടാവുക. ചപ്പാത്തി -ചിക്കൻകറി, ചപ്പാത്തി- വെജിറ്റബിൾ കറി എന്നിവയായിരിക്കും പ്രധാന ഭക്ഷണയിനം. സാധാരണ ജയിൽ ചപ്പാത്തി വിൽക്കാറുള്ള അതേ നിരക്ക് ആയിരിക്കും ഈടാക്കുക. ഇതിനുപുറമേ ലഘുഭക്ഷണമായി ഉഴുന്നുവട, ഉള്ളിവട, പഴംപൊരി, ഇലയട തുടങ്ങിയ വിഭവങ്ങളും കൗണ്ടറുകളിൽ ലഭിക്കും. സീറോ പ്ലാസ്റ്റിക് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷണസാധനങ്ങൾ പൊതിയാൻ പ്ലാസ്റ്റിക് കവർ ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ കൗണ്ടർ സജ്ജമാകും. കളി തീരുന്നതുവരെ കൗണ്ടറിൽ ഭക്ഷണം ലഭിക്കും.
കളി കാണാൻ പോകുമ്പോൾ
പേ - ടി.എം വഴിയെടുത്ത ഇ -ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം
പൊലീസടക്കം ഡ്യൂട്ടി പാസ് ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിലോ പരിസരത്തോ പ്രവേശിപ്പിക്കില്ല
ഇന്ന് ഉച്ചയ്ക്ക് 12 മുതൽ മാത്രമേ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കൂ
പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പി, വടി, കൊടിതോരണം, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി എന്നിവ അനുവദിക്കില്ല
കളി കാണാനെത്തുന്നവരുടെ മൊബൈൽ ഫോൺ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കൂ
മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ എത്തുന്നവരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ല
ഭക്ഷണ സാധനങ്ങളും വെള്ളവും സ്റ്റേഡിയത്തിൽ കൊണ്ടുവരരുത്