നിലമ്പൂർ: 1.34 കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി വള്ളുവമ്പ്രം പാലേക്കോട് വീട്ടിൽ അൻവർ ഷഹാദ് (32), ഉള്ളാട്ടുപറമ്പിൽ റിയാസ് ബാബു(26) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡോറിലെ രഹസ്യ അറയിൽ നിന്നും 500ന്റെ കെട്ടുകളായാണ് പണം കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ എട്ടോടെ നിലമ്പൂർ പൊലീസ് സ്‌റ്റേഷനു മുന്നിൽ വച്ചാണ് ഇവരുടെ വാഹനം തടഞ്ഞത്. എടവണ്ണ സ്വദേശിയുടെ മാരുതി റിറ്റ്സ് വാഹനം വാടകയ്ക്കെടുത്താണ് പ്രതികൾ പണം കൊണ്ടുവന്നിരുന്നത്. ബംഗളൂരുവിൽ നിന്നും മഞ്ചേരി, മലപ്പുറം ഭാഗങ്ങളിൽ വിതരണത്തിനായാണ് പണമെത്തിച്ചത്. പിടിയിലായവർ കരിയർമാർ മാത്രമാണ്. എൻഫോഴ്സ്‌മെന്റ്, ഇൻകംടാക്സ് വിഭാഗങ്ങൾ തുടരന്വേഷണം നടത്തും. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 30 കോടിയുടെ കുഴൽപ്പണവും അനധികൃതമായി കടത്തിയ 13 കിലോഗ്രാം സ്വർണവും ജില്ലയിൽ പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.എം.ബിജു, എസ്.ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.