മലപ്പുറം: പ്രളയത്തിൽ നാല് തവണ ഉരുൾപൊട്ടലുണ്ടായ പെരിന്തൽമണ്ണ കാര്യവട്ടം മണ്ണാർമലയിൽ 80 ഏക്കറിൽ വൻക്വാറിക്ക് അനുമതി നൽകാൻ അധികൃതരുടെ തകൃതിയായ നീക്കം. ദുരന്തനിവാരണ വകുപ്പിന്റെ മാപ്പിൽ ഉൾപ്പെട്ട പ്രദേശമടക്കം ക്വാറിയുടെ പരിധിയിൽ വരും. പ്രളയത്തിൽ മണ്ണാർമലയിലെ ചേരിങ്ങൽകുണ്ട്, കോലോത്ത്ചാള, കിഴക്കേമുക്ക് എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. നിർദ്ദിഷ്ട ക്വാറി പ്രദേശത്തോട് ചേർന്ന സ്ഥലങ്ങളാണിവ. 2007ൽ ക്വാറിക്കായി കണ്ടെത്തിയ പ്രദേശത്തും ഉരുൾപൊട്ടിയിരുന്നു. കുത്തനെ ചെരിവുള്ള ഈ മലയുടെ താഴ്വാരത്ത് 400ലധികം കുടുംബങ്ങൾ കഴിയുന്നുണ്ട്. പ്രളയസമയത്ത് ദുരന്തസാദ്ധ്യത മുന്നിൽക്കണ്ട് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായിരുന്നില്ല.
രണ്ട് മീറ്ററിലധികം മണ്ണ് കട്ടിയുള്ള പ്രദേശത്ത് തെങ്ങുകളും മറ്റുമാണ് നിലവിലുള്ളത്. ഇവിടെ നിന്ന് വൻതോതിൽ മണ്ണ് നീക്കി പാറ ഖനനം ചെയ്യാനാണ് പദ്ധതി. ഇതു സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. ക്വാറി പ്രദേശം ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലയിൽ ഉൾപ്പെടുന്നതാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ക്വാറിക്ക് ലൈസൻസ് അനുവദിക്കുന്നത് പുനഃപരിശോധിക്കാൻ കളക്ടർ ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഉരുൾപൊട്ടലിനെ മണ്ണിടിച്ചിലായി ചിത്രീകരിച്ച് ക്വാറിക്ക് അനുമതി നൽകാനാണ് ജില്ലാ ജിയോളജി വകുപ്പിന്റെ നീക്കം. മലയിലെ ദുരന്തസാദ്ധ്യതകളോ പാരിസ്ഥിതികാഘാതങ്ങളോ മലിനീകരണ സാദ്ധ്യതകളോ ഒന്നും പരിഗണിക്കാതെ തൊട്ടടുത്ത വീടുകളിലേക്കുള്ള ദൂരം 50 മീറ്ററിലധികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജിയോളജി വകുപ്പിന്റെ നീക്കമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ക്വാറി പ്രദേശത്തോട് ചേർന്ന് കൈപ്പള്ളിക്കര, ചുടലക്കുണ്ട്, തിണ്ടിലിയംകുന്ന് എന്നിവിടങ്ങളിൽ അപകടകരമായ രീതിയിൽ കൂറ്റൻപാറകളുണ്ട്.
ക്വാറിയുടെ പ്രവർത്തനം തുടങ്ങിയാൽ ഇവ താഴേക്ക് പതിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ക്വാറിയുടെ മുന്നൂറ് മീറ്റർ ദൂരത്തിലുള്ള ആദിവാസി കോളനിയിൽ ഉരുൾപൊട്ടൽ ഭീതിമൂലം പലതവണ ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
നാട്ടുകാർ എതിർക്കുന്നത്
പശ്ചിമഘട്ട വികസന പദ്ധതി നടന്ന പ്രദേശമാണിത്.
നിർദ്ദിഷ്ട ക്വാറി പ്രദേശത്ത് ഉരുൾപൊട്ടിയിട്ടുണ്ടെങ്കിലും ഇതു രണ്ട് കിലോമീറ്റർ അകലെയാണെന്ന് കാണിച്ചാണ് റവന്യു വകുപ്പ് റിപ്പോർട്ട് നൽകിയത്.
കക്കൂത്തിൽ മിച്ചഭൂമിയുമായി ക്വാറിപ്രദേശം അതിർത്തി പങ്കിടുന്നുണ്ടെങ്കിലും റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
ഈ സ്ഥലം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ജൈവവൈവിദ്ധ്യ പാർക്കിന് ഏറ്റെടുക്കാൻ നടപടി തുടങ്ങിയതും മറച്ചുവച്ചു.
ഉരുൾപൊട്ടലിനെ മണ്ണിടിച്ചിലായി ചിത്രീകരിച്ച് ഗൗരവം കുറയ്ക്കുന്നു