കെ.വി. നദീർ
പൊന്നാനി: പൈതൃക ടൂറിസത്തിന്റെ സാദ്ധ്യതകൾ ഉൾക്കൊള്ളിച്ച് പൊന്നാനി മുതൽ പാലക്കാട് ജില്ലയിലെ മണ്ണൂർ വരെ നീളുന്ന വിപുലമായ വിനോദ സഞ്ചാര പദ്ധതി കേന്ദ്ര സർക്കാരിനു മുന്നിൽ. പന്തിരുകുലം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പൊന്നാനി, തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണ്ണൂർ മണ്ഡലങ്ങളെ ഉൾപ്പെടുത്തിയാണ് തയാറാക്കിയിരിക്കുന്നത്. നൂറ് കോടിയിലേറെയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിട്ടുള്ളത്.
പൈതൃക, സാംസ്ക്കാരിക, തീർത്ഥാടന ടൂറിസങ്ങളെ സമന്വയിപ്പിച്ചാണ് പദ്ധതി. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് പദ്ധതിയൊരുക്കുന്നത്. പൊന്നാനിയുടെ സാംസ്ക്കാരിക, തീർത്ഥാടന കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ച് പൈതൃക ടൂറിസത്തിനുള്ള ആലോചനകൾ നേരത്തെയുണ്ടായിരുന്നു. പൊന്നാനിയിലെ പഴയ തറവാടു വീടുകൾ, വലിയ ജുമാഅത്ത് പള്ളി, തൃക്കാവ് ക്ഷേത്രം, തിരുനാവായ, പുത്തൻപള്ളി, കണ്ണേങ്കാവ് ക്ഷേത്രം, പാലക്കാട് ജില്ലയിലെ അഗ്രഹാരങ്ങൾ, നദീതീരത്തെ ശേഷിപ്പുകൾ തുടങ്ങി നൂറിൽപ്പരം കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്നതാണ് പദ്ധതി.
തകർച്ച നേരിടുന്നതും നാമാവശേഷമാകുന്നതുമായ പൈതൃകങ്ങളെ സംരക്ഷിക്കുകയും തനിമയോടെ നിലനിറുത്തുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.കേന്ദ്ര സർക്കാർ പൈതൃക സംരക്ഷണത്തിന് പ്രത്യേക പദ്ധതിയാണ് നടപ്പാക്കുന്നത്.സംസ്ഥാനത്ത് നടപ്പാക്കിയ പൈതൃക പദ്ധതികളിൽ വൻ സ്വീകാര്യതയാണ് ലഭ്യമാകുന്നത്.
പന്തിരുകുലം
എന്ന ആശയത്തിന്റെ ടൂറിസം ആവിഷ്ക്കാരമാണ് ലക്ഷ്യമിടുന്നത്.
മുസ്രിസ്, കൽപ്പാത്തി മാതൃകയിലുള്ള പൈതൃക ടൂറിസത്തിന്റെ സാദ്ധ്യതകൾ നേരത്തെ തേടിയിരുന്നു.
വ്യത്യസ്ത സംസ്ക്കാരങ്ങളുടെ സമന്വയം എന്ന നിലയിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.