മലപ്പുറം: ജില്ലയിൽ പാലിന്റെ ഗുണനിലവാര പരിശോധന മുടങ്ങിയിട്ട് മാസങ്ങളായി. പ്രളയത്തിന് ശേഷം ജില്ലയിൽ പാലുത്പാദനത്തിൽ വലിയ കുറവുണ്ടായത് മുതലെടുത്ത് തമിഴ്‌നാട്ടിൽ നിന്നടക്കം കവർ പാൽ വലിയ തോതിൽ ജില്ലയിലെത്തുന്നുണ്ട്. കേട്ടുപരിചിതമല്ലാത്ത നിരവധി കമ്പനികളാണ് ഇതിനകം വിപണിയിൽ സ്ഥാനം പിടിച്ചത്. ജില്ലയിലെ ക്ഷീരസംഘങ്ങൾ മുഖേന ദിനംപ്രതി 75,000 ലിറ്റർ പാലാണ് ശേഖരിച്ചിരുന്നതെങ്കിൽ പ്രളയശേഷം 20,000 ലിറ്ററിന്റെ കുറവുണ്ടായി. ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്നതിനാൽ പാലിൽ മായം കാണിച്ചാലും പിടിക്കപ്പെടില്ല. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി നടത്തിയ പരിശോധനയിൽ രാജ്യത്ത് വിൽക്കുന്ന പാലിന്റെ 68 ശതമാനവും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലുത്പാദനത്തിൽ കൈവരിച്ച മുന്നേറ്റവും ശക്തമായ പരിശോധനകളും മായം കലർത്തിയ പാലിനെ ഒരുപരിധി വരെ തടഞ്ഞുനിറുത്തിയിരുന്നു. എന്നാൽ ജില്ലയിൽ പരിശോധന നടക്കാത്തതും വർദ്ധിച്ച ആവശ്യകതയും മുതലെടുക്കാൻ ഗുണനിലവാരമില്ലാത്ത പാലുമായി ഇതരസംസ്ഥാന ലോബികളടക്കം രംഗത്തുണ്ട്.

ജീവനക്കാരെ കാണാനില്ല

ഗുണനിലവാരത്തെ ചൊല്ലി കർഷകരും ക്ഷീരസംഘങ്ങളും തമ്മിൽ തർക്കം പതിവായിട്ടും ജീവനക്കാരുടെ കുറവ് മൂലം പരിഹാരമുണ്ടാവുന്നില്ല. 237 ക്ഷീരസംഘങ്ങളാണ് ജില്ലയിലുള്ളത്. പല ബ്ലോക്കുകളിലും ഡയറി ഫാം ഇൻസ്ട്രക്ടർ, ക്ഷീര വികസന ഓഫീസർ തസ്തികകളിൽ ആളില്ല. ഒരു ബ്ലോക്കിൽ രണ്ട് ഡയറി ഫാം ഇൻസ്ട്രക്ടർമാരുണ്ട്. പെരിന്തൽമണ്ണ, മഞ്ചേരി, പൊന്നാനി, കുറ്റിപ്പുറം, താനൂർ, തിരൂർ, പരപ്പനങ്ങാടി, വേങ്ങര എന്നിവിടങ്ങളിൽ ഒരാൾ പോലുമില്ല. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് നീക്കിവച്ച തുക പോലും ചെലവഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ വർഷം ഡിസംബറോടെ പാലുത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ടുള്ള ക്ഷീരഗ്രാമം പദ്ധതിയുടെ പ്രവർത്തനവും താളം തെറ്റി.പഞ്ചായത്തുകളുടെ പദ്ധതി നടപ്പാക്കൽ, കർഷകർക്കുള്ള ആനുകൂല്യ വിതരണം എന്നിവയും പ്രതിസന്ധിയിലാണ്.

പ്രളയശേഷം ക്ഷീരകർഷക മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടുപോവുന്നത്. കാലിത്തീറ്റ, വൈക്കോൽ അടക്കമുള്ളവയുടെ വില വർദ്ധനവ് ക്ഷീരകർഷകർക്ക് തിരിച്ചടിയായി.

ലാഭക്കണ്ണിൽ എല്ലാം മായം

കറന്നെടുക്കുന്ന പാൽ അന്തരീക്ഷ ഊഷ്മാവിൽ അഞ്ച് മണിക്കൂറിലധികം സൂക്ഷിച്ചാൽ കേടാവാൻ സാദ്ധ്യത ഏറെയാണ്. നാല് ഡിഗ്രിക്ക് താഴെ സൂക്ഷിച്ചാലേ കേടാവാതിരിക്കൂ. 10,000 ലിറ്റർ പാൽ ശീതീകരിച്ച് മാർക്കറ്റിലെത്തിക്കാൻ 20,000 രൂപയോളം ചെലവാകും. കേടുവരാതിരിക്കാനുള്ള മായം കലർത്തിയാൽ ചെലവ് നന്നേ കുറയും. അതിർത്തികളിലെ ചെക്പോസ്റ്റുകളിൽ പരിശോധന നാമമാത്രമാണെന്നതിനാൽ പിടിക്കപ്പെടില്ല മായം കലർത്തിയ പാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം.

ദിനംപ്രതി വേണ്ടത്

75,000 ലിറ്റർ പാൽ

പ്രളയശേഷം ഉത്പാദനം 55,000 ലിറ്റർ