മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയുടെ കീഴിൽ നിലവിലുള്ള എല്ലാ വിതരണ ശൃംഖലകളിലും ഡിസംബർ 31നകം ജലമെത്തിക്കാൻ തീരുമാനം. കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ അവലോകനത്തിനായി ജില്ലാ കളക്ടർ അമിത് മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. നിലവിലുള്ള പദ്ധതിക്കു പുറമെ കൂടുതൽ മേഖലകളിൽ ശുദ്ധജലമെത്തിക്കുന്നതിനു പദ്ധതി പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ക്രോഡീകരിച്ചു അധിക പദ്ധതി തയ്യാറാക്കും.
മിനി സിവിൽ സ്‌റ്റേഷനായി നിർദ്ദേശിക്കപ്പെട്ട സ്ഥലം ഏറ്റെടുക്കുന്നതിലെ സാങ്കേതിക തടസ്സം നീക്കാൻ സർക്കാരിനെ സമീപിക്കും. മണ്ഡലത്തിലെ സ്‌കൂളുകളിൽ നിർമ്മാണത്തിലിരിക്കുന്ന കിഡ്‌സ് പാർക്കുകളുടെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കും. കൊണ്ടോട്ടി പഴയങ്ങാടി റോഡ് വികസന പ്രവർത്തന നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ടി.വി. ഇബ്രാഹീം എം.എൽ.എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, നഗരസഭ ചെയർപേഴ്‌സൺ കെ.സി. ഷീബ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.സയ്യിദ്, കെ.എ.സഗീർ, എം. ഹാജറുമ്മ, വി.പി. ഷൈജിനി ഉണ്ണി, വിമല പാറക്കണ്ടത്തിൽ, എം.സെറീന അസീസ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ. അബ്ദുൽ കരീം, ജില്ലാ പഞ്ചായത്തംഗം സറീന ഹസീബ്, എ.ഡി.എം വി. രാമചന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ അബ്ദുസലാം, ഫിനാൻസ് ഓഫീസർ എൻ. സന്തോഷ്‌കുമാർ, കൊണ്ടോട്ടി തഹസിൽദാർ കെ. ദേവകി, സ്‌പെഷൽ തഹസിൽദാർ ബി.എസ്. സുബോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.