മലപ്പുറം: കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പദ്ധതികളും വിവിധ വിവരങ്ങളും ലഭ്യമാക്കാൻ അരക്കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച എൽ.ഇ.ഡി വീഡിയോ വാൾ ഉപയോഗശൂന്യമായി. 2013ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്ഥാപിച്ച വീഡിയോവാൾ ഏതാനും ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ഇതിനോടൊപ്പം മൈക്ക്, കമ്പ്യൂട്ടർ എന്നിവയുമുണ്ടായിരുന്നെങ്കിലും വീഡിയോ വാൾ നോക്കുകുത്തിയായതോടെ ഇവയും പ്രവർത്തനരഹിതമായി. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന സിവിൽ സ്റ്റേഷനുകളിൽ സർക്കാറിന്റെ വികസന, ക്ഷേമ പദ്ധതികൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ചിട്ടുളള വാർത്താ ചിത്രങ്ങൾ, സർക്കാർ പരസ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനാണ് വീഡിയോവാൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായാണ് മലപ്പുറം സിവിൽ സ്റ്റേഷനിലും വീഡിയോവാൾ സ്ഥാപിച്ചത്.
ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്ത് ശ്രദ്ധ ലഭിക്കാത്ത വിധം മരച്ചുവട്ടിലാണ് വീഡിയോ വാൾ സ്ഥാപിച്ചിട്ടുള്ളത്. മരക്കൊമ്പുകൾ കൂട്ടിയിട്ടും ഇലകൾ കുമിഞ്ഞു കൂടിയും വീഡിയോ വാളിന്റെ പരിസരം അലങ്കോലമാണ്. ജനശ്രദ്ധ ലഭിക്കാത്ത സ്ഥലത്താണ് വീഡിയോ വാൾ സ്ഥാപിച്ചതെന്നും ഇവിടെ നിന്ന് മാറ്റണമെന്നും ആവശ്യമുയർന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. സിവിൽ സ്റ്റേഷനിലെത്തുന്ന പലരും യഥാവിധി വിവരങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച വീഡിയോ വാൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിലേക്ക് മാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.