പൊന്നാനി: 'നന്നായൊന്ന് ഉറങ്ങിയിട്ട് നാളെത്രയായി. കടലിന്റെ മുഴക്കം ചെവിയിൽ നിന്ന് പോകുന്നില്ല. ആഞ്ഞടിച്ച് വരുന്ന തിരമാല വീടിനെ വിഴുങ്ങുമോയെന്ന് പേടിയുണ്ട്. കട്ടിലിൽ കിടന്നാലും കണ്ണടയ്ക്കാനാകുന്നില്ല.' പൊന്നാനി ലൈറ്റ് ഹൗസിന് വടക്കുഭാഗത്ത് അഴീക്കൽ കമ്മലിക്കാനകത്ത് നഫീസുവിന്റെ വാക്കുകളാണിത്. കടലിനോട് മുഖാമുഖമായാണ് ഇവരുടെ വീട്. കടലിന്റെ നേരിയ പ്രക്ഷുബ്ധത പോലും തിരമാലകളുടെ ആക്രമണത്തിനിടയാക്കും. നഫീസയുടെ വീടിന് തൊട്ടടുത്തുള്ള കോയലിക്കാനകത്ത് സുബൈറും താഴത്തേൽ നഫീസയും ഇതേ അവസ്ഥയിലാണ്.
കടൽഭിത്തിയുടെ അഭാവം അഴീക്കൽ മേഖലയിലെ 22 വീടുകളെ ദുരന്തമുഖത്താക്കിയിട്ടുണ്ട്. ഇതിൽ 12 എണ്ണം തിരമാലകളുടെ ശൗര്യം ഇടതടവില്ലാതെ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ മഴയെത്തിയപ്പോൾ തുടങ്ങിയ ദുരിതം ഇപ്പോഴും തുടരുകയാണ്. കടൽ പ്രക്ഷുബ്ധമാകുമ്പോൾ മുട്ടൊപ്പം മണൽ വീടിനകത്തെത്തും. വേലിയിറക്ക സമയമായാൽ മണൽ വാരി പുറത്തിടും. മാസങ്ങളായി ഇത് തുടരുന്നു.
വീടിനകത്തേക്ക് മണലും വെള്ളവും കയറുന്നത് തടയാൻ വാതിലിനു മുന്നിൽ മരപ്പലകയും മണൽചാക്കും നിരത്തിയിട്ടുണ്ടെങ്കിലും ശക്തമായ തിരമാലയിൽ ഇവ ഒലിച്ചുപോകും. കടലേറ്റം തടയാൻ നഗരസഭ വീടുകൾക്കു മുന്നിൽ മണൽഭിത്തി കെട്ടിയിരുന്നെങ്കിലും തിരമാലകളുടെ പ്രവാഹത്തിൽ മണൽ ഒലിച്ചുപോയി. കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നുള്ള കടലേറ്റത്തിൽ ഇവിടത്തെ വീടുകളിലൊക്കെ വെള്ളം കയറി.
ഓഖി തിരമാലകൾ ഈ മേഖലയിൽ വൻ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. വീടുകളുടെ പകുതിഭാഗത്തോളം മണൽ നിറഞ്ഞത് ദിവസങ്ങളെടുത്താണ് താമസയോഗ്യമാക്കിയത്.
ഓഖി ദുരന്തത്തിൽ പൊന്നാനി തീരദേശ മേഖലയിലെ ഒട്ടുമിക്ക കടൽഭിത്തികളും തകർന്നിരുന്നു. എവിടെയും പുനർനിർമ്മാണം നടത്തിയിട്ടില്ല.
ലൈറ്റ് ഹൗസിന്റെ വടക്ക് 150 മീറ്റർ ഭാഗത്ത് കടൽഭിത്തി നിർമ്മിച്ചാൽ പ്രയാസങ്ങൾക്ക് പരിഹാരമാകും.
ഇക്കാര്യം അധികൃതരോട് നിരന്തരമായി ഉന്നയിക്കുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല.
ലൈറ്റ് ഹൗസിനോട് ചേർന്ന് നിർമ്മിക്കുന്ന കടൽ ഭിത്തി ഇങ്ങോട്ട് നീട്ടണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
കടൽഭിത്തിക്ക് പകരം ജിയോ ടെക്സ്റ്റൈൽ ട്യൂബ് എന്ന നൂതന സംവിധാനം പൊന്നാനി തീരത്ത് പരീക്ഷിക്കാനാണ് ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ഇതിനുള്ള നടപടികൾ പൂർത്തിയായെങ്കിലും സാങ്കേതികാനുമതി വൈകുകയാണ്.