തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി ഗ്യാസ് ബോട്ട്ലിംഗ് പ്ലാന്റിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയും പരിശോധന നടത്തി. പഞ്ചായത്തിന്റെ ലൈസൻസില്ലാത്ത കെട്ടിടങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് രേഖയിൽ 15 കെട്ടിടങ്ങൾക്കേ അനുമതിയുളളൂ . സംഭരണശേഷി വർദ്ധിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ രേഖകളും പഞ്ചായത്ത് ആവശ്യപ്പെട്ടു. 600 മെട്രിക് ടൺ സംഭരണശേഷിക്കേ പഞ്ചായത്തിന്റെ അനുമതിയുളളൂ. 2800 മെട്രിക് ടൺ സംഭരണശേഷി നിലവിൽ ഐ.ഒ.സിക്കുണ്ട്. ജനറൽ മാനേജർ സ്ഥലത്തില്ലാത്തതിനാൽ 17ന് മാനേജർ എത്തുന്ന മുറയ്ക്ക് പഞ്ചായത്ത് എഴുതി നൽകിയ 12 ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് അസി. മാനേജർ അറിയിച്ചു.
ഐ.ഒ.സിക്ക് പുറത്ത് സി.സി ടി.വി കാമറ സ്ഥാപിക്കാത്തതുൾപ്പെടെയുള്ള കാര്യങ്ങൾ പഞ്ചായത്ത് ഐ.ഒ.സിയുടെ ശ്രദ്ധയിൽപ്പെടുത്തി. സുരക്ഷാ ക്ലിയറൻസ് വ്യക്തമാക്കുന്ന പെസോയുടെ സർട്ടിഫിക്കറ്റടക്കമുള്ള രേഖകളും സുരക്ഷാസംവിധാനങ്ങളുടെ വിശദവിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാന്റിലെ ഗ്യാസ് ടാങ്കുകളടക്കമുള്ളവയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിദഗ്ദ്ധസമിതിയുടെ മേൽനോട്ടത്തിൽ ഉടൻ പരിശോധിക്കും. സെക്രട്ടറി എം.മധുസൂദനൻ,പഞ്ചായത്തംഗങ്ങളായ എ.പി സലിം, കെ.സവാദ്, കെ.ഇ. ഇണ്ണിക്കമ്മു, മുഹമ്മദ് കാട്ടുകുഴി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്