പൊന്നാനി: ഈ മാസം 15 മുതൽ പൊന്നാനി നഗരസഭ കൗൺസിൽ നടപടികൾ ഓൺലൈനിലാക്കും.ഇതിനായി ഇൻഫർമേഷൻ കേരളമിഷൻ വികസിപ്പിച്ചെടുത്ത സകർമ്മ സോഫ്റ്റ്വെയർ നഗരസഭയിൽ സ്ഥാപിച്ചു.
ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വിപുലമായ പരിശീലനം കില നൽകിയിരുന്നു.
കമ്മിറ്റി യോഗത്തിന്റെ നോട്ടീസ്, അജൻഡ, ഹാജർ, ചർച്ചകൾ, തീരുമാനങ്ങൾ ഇവയെല്ലാം ഇനി കമ്പ്യൂട്ടറിലാകും. 72 മണിക്കൂറിനു ശേഷം വിപുലീകരിച്ച മിനുറ്റ്സ് എല്ലാ സെക്ഷനുകളിലും തദ്ദേശഭരണസ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലുമെത്തും.
കൗൺസിൽ യോഗത്തിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ നേരത്തെ നൽകണം. അജൻഡകൾ മൂന്ന് ദിവസം മുമ്പേ ഓൺലൈനിൽ ലഭിക്കും. കൗൺസിലിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾ മുൻകൂട്ടി നൽകണം.
കാര്യക്ഷമത കൂട്ടും
തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാക്കാനും കാര്യക്ഷമത വർദ്ധിപ്പിച്ച് പ്രവർത്തനം വേഗത്തിലാക്കാനും ഇതുമൂലം സാധിക്കുമെന്നാണ് വിലയിരുത്തൽ.
കൗൺസിൽ യോഗ തീരുമാനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സൗകര്യമൊരുക്കും.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഓൺലൈൻ സംവിധാനത്തിന്റെ യൂസർ ഐഡിയും പാസ് വേർഡും നൽകും.