മലപ്പുറം: പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം കണ്ടെത്താൻ മലപ്പുറത്ത് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ അമിത്മീണ അറിയിച്ചു.ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് വൈകിട്ട് മൂന്നുമുതൽ മലപ്പുറം കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയത്തിൽ മത്സരങ്ങൾനടക്കും. ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും വെറ്ററൻ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണമുണ്ടാവും.
കാണികളിൽ നിന്ന് നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കും. ഇതിനായി കൂപ്പൺ വിതരണമുണ്ട്. വ്യാപാരി വ്യവസായികൾ, വിദ്യാർത്ഥികൾ, സ്പോർട്സ്സംഘടനകൾ എന്നിവരെ പരിപാടിയിൽ പങ്കാളികളാക്കും. കൂപ്പൺ എടുക്കാത്തവർക്കും കളി കാണാം.
മത്സരത്തിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ജില്ലാ കളക്ടർക്ക് കൈമാറും. പ്രവർത്തനങ്ങൾക്കായി വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിക്കും.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഷംസുദ്ദീൻ, സെക്രട്ടറി പി.രാജു, വെറ്ററൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ മലപ്പുറം എം.എസ്. പി കമൻഡാന്റ് അബ്ദുൾകരീം, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.എ. നാസർ, റിഷികേശ് കുമാർ, ഡി.എഫ്.എ സെക്രട്ടറി സുരേന്ദ്രൻ മങ്കട, പ്രസിഡന്റ് അബ്ദുൾകരീം, ട്രഷറർ സുരേഷ്, വ്യാപാരി വ്യവസായിഏകോപന സമിതി ഭാരവാഹികളായ പരി ഉസ്മാൻ, അബ്ദുൾഅസീസ് തുടങ്ങിയവർ പങ്കെടുത്തു.