നിലമ്പൂർ: സാലറി ചലഞ്ച് ഇടതുസർക്കാരിന് പറ്റിയ ആനമണ്ടത്തരമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ നിലമ്പൂർ ബ്രാഞ്ച് കമ്മിറ്റി തിളക്കം എന്ന പേരിൽ ചുങ്കത്തറ ഐ.എൻ.ടി.യു.സി ഭവനിൽ നടത്തിയ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമ്പള പരിഷ്ക്കരണ കുടിശ്ശികയുടെ നാലാംഗഡു പണമായി നൽകാൻ ഇടതുസർക്കാർ തീരുമാനിച്ചത് ജീവനക്കാരെല്ലാം സാലറി ചലഞ്ചിൽ പങ്കെടുക്കാനാണ്.സാമ്പത്തിക മാന്ദ്യം പറഞ്ഞ് മൂന്ന് ഗഡുവും ഇടതുസർക്കാർ പി.എഫിലേക്ക് ലയിപ്പിച്ചു. നാലാം ഗഡുവായ 1538 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ യു.ഡി.എഫ് അനുകൂല സർവീസ് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തെ ശമ്പളം സർക്കാരിലേക്ക് നൽകണമെന്ന ധാർഷ്ട്യമാണ് പിണറായി സർക്കാർ കൈക്കൊണ്ടത്. എന്നാൽ പകുതി പേർ പോലും സാലറി ചലഞ്ചിൽ പങ്കെടുത്തില്ല. . ബ്രാഞ്ച് പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനക്കുറുപ്പ് 'ഒന്നിച്ച് നിന്നാൽ ഒന്നാമതാകാം' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതൻ, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സ്വപ്ന, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സുനിൽ കാരക്കോട്, നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പി. വി. മാത്യു, വാളപ്ര മുഹമ്മദ്, ബാബു തോപ്പിൽ, പരപ്പൻ ഹംസ, പി. ഉസ്മാൻ, കോൺഗ്രസ് നേതാക്കളായ കാമ്പിൽ രവി, എം.കെ. ബാലകൃഷ്ണൻ, ജോസ് പാതാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ മൂർഖൻ കുഞ്ഞു, ജൂഡി തോമസ്, നൗഫൽ ബ്രാഞ്ച് സെക്രട്ടറി കെ. മിഥിലേഷ് , ട്രഷറർ സി.സി. സുനിൽ എന്നിവർ പ്രസംഗിച്ചു.