തിരൂരങ്ങാടി: മമ്പുറം മഖാമിന് സമീപം പൊതുസ്ഥലത്ത് അനധികൃത പെട്ടിക്കടകൾ പെരുകുന്നു. മമ്പുറം പുതിയ പാലത്തിന് താഴെയും പാലത്തിന്റെ അരികിലുമാണ് ഇത് കൂടുതലും. പാലം വന്നതോടെ പഞ്ചായത്തിന്റെയും റവന്യു വിഭാഗത്തിന്റേയും സ്ഥലം കച്ചവടക്കാർ കൈയടക്കി. തെന്നിന്ത്യയിലെ പ്രധാന മ‌ഖ്‌ബറയായ ഇവിടെ ദിവസവും ആയിരക്കണക്കിനാളുകളും നൂറുകണക്കിന് വാഹനങ്ങളും എത്തുന്നു. എന്നാൽ സർക്കാർ സ്ഥലവും റോഡും സ്വകാര്യവ്യക്തികൾ കൈയടക്കിയത് ഇവിടെ വലിയ പ്രയാസം സൃഷ്ടിക്കുന്നു. മഖാമിലേക്കെത്തുന്ന വാഹനങ്ങൾ നിറുത്തി യാത്രക്കാരെ ഇറക്കുമ്പോൾ തന്നെ ചിലർ വഴക്കടിക്കാനെത്തും. ഇത്തരത്തിലുളള വാക്കേറ്റം പതിവാകുകയാണ്. മഖാമിന്റെ അപ്പുറത്തുള്ള വീടുകളിലേക്ക് പോകേണ്ടവർക്കും പ്രയാസമനുഭവപ്പെടുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം പോലെ ചിലർ കയർ കെട്ടി മറ്റുള്ളവർക്ക് വാടകയ്ക്ക് കൊടുത്ത് കാശുണ്ടാക്കുന്ന പതിവും ഇവിടെയുണ്ടെന്ന് നാട്ടുകാർ പരാതി പറയുന്നുണ്ട് . സന്ദർശകർക്ക് ദുരിതമാകും വിധമുളള അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ പഞ്ചായത്ത് അധികൃതരോ മറ്റോ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.