prathi1
പ്രതി

 

കൊണ്ടോട്ടി: വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച 1.5കിലോ കഞ്ചാവുമായി പിടിയിലായ മൂന്നുപേരെ തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തോട്ടശ്ശേരിയറ പനയ്ക്കൽ അനീഷ്(33), തോട്ടശ്ശേരിയറ നമ്പൻകുന്നൻ ഫൈസൽ(37), കൊണ്ടോട്ടി പഴയങ്ങാടി പേങ്ങാടൻ മുഹമ്മദ് ഷഹീദ്(21)എന്നിവരാണ് അറസ്റ്റിലായത്.
നാലുമാസം മുമ്പ് കൊണ്ടോട്ടിയിലെ പ്രമുഖ വിദ്യാലയത്തിലെ വിദ്യാർത്ഥിയിൽ നിന്നും അദ്ധ്യാപകർ കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പൊലീസിന് പരാതി നൽകി. അന്വേഷണത്തിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവെത്തിച്ചിരുന്നത് കൊണ്ടോട്ടി ഭാഗത്തെ പ്രായപൂർത്തിയാകാത്ത ചില കൂട്ടികളാണെന്ന് മനസിലായി. ഇവരെ മൂന്ന് മാസത്തോളം നിരീക്ഷിച്ചാണ് ഇവർക്ക് കഞ്ചാവെത്തിക്കുന്നത് അനീഷാണെന്ന് മനസ്സിലായത്. ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് അനീഷുൾപ്പടെ മൂന്ന് പേരെ സഞ്ചരിച്ച ഓട്ടോറിക്ഷയടക്കം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
സ്കൂളുകളിൽ കഞ്ചാവ് വിൽപ്പനയ്ക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതായി പ്രതി മൊഴിനൽകി. ഇവരുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചു വന്ന കുട്ടികളെക്കുറിച്ചും വ്യക്തമായ വിവരമുണ്ട്. മൂന്ന് ദിവസം മുമ്പ് കൊണ്ടോട്ടിയിൽ വിതരണത്തിനെത്തിച്ച മയക്കുഗുളികകളുമായി വണ്ടൂർ സ്വദേശി അഭിലാഷിനെ പിടികൂടിയിരുന്നു.