എടക്കര : പ്രളയാനന്തരം റബർ മരങ്ങളുടെ ഇലകൾക്കൊപ്പം പൊഴിഞ്ഞത് കർഷകന്റെ സ്വപ്നങ്ങൾ കൂടിയാണ്. ആഴ്ചകളോളം നിറുത്താതെ പെയ്ത മഴയെ തുടർന്ന് ഇലക്കണ്ണികളെ വ്യാപകമായ തോതിൽ ഫംഗസ് ബാധിച്ചതാണ് മേഖലയിലെ തോട്ടങ്ങളിലെ ഇലകൊഴിച്ചിലിന് കാരണം. ഇലയില്ലാത്ത റബർമരം ടാപ്പു ചെയ്താൽ മൂന്നിലൊന്നേ ആദായം ലഭിക്കു എന്നാണ് കർഷകർ പറയുന്നത്.
തളിരില വന്ന് മൂപ്പാവുമ്പോഴേക്കും ഡിസംബർ അവസാനമുണ്ടാകാറുളള ശിശിരകാല ഇല കൊഴിച്ചിലുണ്ടാവും. വീണ്ടും വേനൽക്കാല ഇടവേളയ്ക്കായി ടാപ്പിംഗ് നിറുത്തണം. അതിനാൽ ഇക്കൊല്ലം കാര്യമായ വരുമാന പ്രതീക്ഷയില്ല.
കഴിഞ്ഞ ജൂൺ മാസം മുതൽ ടാപ്പിംഗ് ആരംഭിക്കാമെന്ന പ്രതീക്ഷയിൽ മിക്ക തോട്ടങ്ങളിലും റബറിന് നേരത്തേ തന്നെ കർഷകർ പ്ലാസ്റ്റിക് ഷെയ്ഡിട്ടിരുന്നു. എന്നാൽ ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഇടമുറിയാതെ പെയ്ത മഴ കാരണം ഷേയ്ഡിട്ട തോട്ടങ്ങളിൽ പോലും ടാപ്പിംഗ് നടന്നില്ല. കടം വാങ്ങിയും മറ്റും ഭാരിച്ച ചെലവിൽ പ്ലാസ്റ്റിക് ഷേയ്ഡിട്ട ചെറുകിട റബർ തോട്ടം ഉടമകൾ തൊഴിലാളികൾക്ക് ഇടപ്പറ്റ് കൊടുക്കാൻ പോലും ഗതിയില്ലാതെ പ്രതിസന്ധിയിലായി. മഴ കുറഞ്ഞതോടെ പ്ലാസ്റ്റിക് ഷേയ്ഡുകൾ മുഴുവൻ വിട്ടിലുകൾ വെട്ടിയും മറ്റും നശിച്ചു.
പ്രകൃതിദുരന്ത ബാധിത മേഖലയിലെ റബർ കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കുമായി പ്രത്യേക സഹായധന പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മലയോരത്തെ ചെറുകിട ഇടത്തരം റബർ കർഷകരുടെ ആവശ്യം.