താനൂർ: തെയ്യാല വാടകക്വാർട്ടേഴ്‌സിലെ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ് വധത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി. താനൂർ പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതി ഓമച്ചപ്പുഴ സ്വദേശി കൊളത്തൂർ ബഷീർ, സവാദിന്റെ ഭാര്യ സൗജത്ത്, ബഷീറിന്റെ സുഹൃത്ത് ഓമച്ചപ്പുഴ സ്വദേശി പച്ചേരി സുഫിയാൻ എന്നിവരുമൊത്താണ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. കാസർകോട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
സുഫിയാൻ കാർ വാടകയ്ക്കെടുത്ത കാസർകോട് ജില്ലയിലെ ചെർക്കളം, ബഷീർ താമസിച്ചിരുന്ന കോഴിക്കോടുള്ള ലോഡ്ജ്, വിദേശത്തേക്ക് കടക്കാനായി വിമാനടിക്കറ്റെടുത്ത കണ്ണൂരിലെ ട്രാവൽ ഏജൻസി എന്നിവിടങ്ങളിലാണ് പ്രതികളുമായി പോയത്. മൂന്നിടങ്ങളിലും പ്രതികളെ തിരിച്ചറിഞ്ഞു.
ഷാർജയിൽ നിന്നും രണ്ടു ദിവസത്തെ അവധിക്ക് വന്ന ബഷീർ മംഗളൂരു വിമാനത്താവളത്തിലിറങ്ങി കാസർകോട് നിന്നും സുഫിയാനെ കൂട്ടി വാടകക്കാറിലാണ് കൊലപാതകം നടത്താൻ തെയ്യാലയിലെത്തിയത്. ആദ്യദിവസം കൊലപാതകം നടത്താനെത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന് ബഷീറും സുഫിയാനും കോഴിക്കോട് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു.
ഒക്ടോബർ മൂന്നിന് രാത്രി പന്ത്രണ്ടരയ്ക്ക് ശേഷമാണ് സവാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം ഞായറാഴ്ച പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.