പൊന്നാനി: ഉദ്യോഗസ്ഥ ഉടക്കിനും കോടതി വ്യവഹാരത്തിനും ശേഷം പൊന്നാനിയിലെ സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ടെൻഡർ നടപടിയുമായി ബന്ധപ്പെട്ട് സാങ്കേതികക്കുരുക്കിലകപ്പെട്ട പദ്ധതി ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നത് . പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അടുത്ത മാസം നടക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണത്തിന്റെ ടെൻഡർ വാട്ടർ അതോറിറ്റി എം.ഡി തടഞ്ഞതാണ് പദ്ധതി വൈകിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പരിഹാരമുണ്ടാക്കാൻ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്ക് കോടതി നിർദ്ദേശംനൽകി . ഇതുപ്രകാരം കരാറുകാരുൾപ്പെടെയുള്ളവരുടെ ഹിയറിംഗ് പൂർത്തിയാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതിയിലേക്കെത്തിയിരിക്കുന്നത്.
ട്രീറ്റ്മെന്റ് പ്ലാന്റ് നിര്മ്മാണവുമായി ബന്ധപ്പെട്ട് 40 കോടി രൂപയുടെ ടെൻഡറിനാണ് അനുമതി വൈകിയത്. രണ്ട് തവണ ടെൻഡർ നടന്നെങ്കിലും വിവിധ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കി. ടെൻഡർ പ്രൊപ്പോസൽരണ്ടുതവണ മടക്കിയ ബോർഡ് ഇക്കാര്യത്തിൽ വ്യക്തത നൽകാതെ നടപടിക്രമങ്ങൾ അനിശ്ചിതമായി നീട്ടികൊണ്ടു പോയപ്പോഴാണ് കരാറുകാരൻ കോടതിയെ സമീപിച്ചത്.
ട്രീറ്റ്മെന്റ് പ്ലാന്റ്, പമ്പ് ഹൗസ്, പമ്പിംഗ് മെയിൻ, പ്ലാന്റ് സ്റ്റോർ ബിൽഡിംഗ്, ചുറ്റുമതിൽ എന്നിവ സ്ഥാപിക്കാനാണ് 40 കോടി രൂപയുടെ ടെൻഡർ
നരിപ്പറമ്പിലെ പമ്പ് ഹൗസിൽ നിന്ന് കൂരടയിലെ ടാങ്ക് വരെ വെള്ളമെത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 13 കോടി രൂപയുടെ ടെൻഡറായെങ്കിലും പ്ലാന്റിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ അനുമതിയായ പ്രവൃത്തിയും ആരംഭിക്കാനായില്ല.
നരിപ്പറമ്പ് പമ്പ് ഹൗസിനോട് ചേർന്ന് രണ്ടര ഏക്കർ സ്ഥലത്താണ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. മെട്രോമാൻ ഇ. ശ്രീധരന്റെ സഹായത്തോടെ തയ്യാറാക്കിയ പദ്ധതിരേഖ പ്രകാരമാണ് പ്ലാന്റ് നിർമ്മാണം. കാലങ്ങളായുള്ള പൊന്നാനിയുടെ ആവശ്യമാണിത്. നേരത്തെ കേന്ദ്ര സർക്കാരിന്റെ യുഡിസ്മാറ്റിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ നഗരസഭയ്ക്ക് ഗുണഭോക്തൃ വിഹിതം കണ്ടെത്താനാകാത്തതിനെ തുടർന്ന് പദ്ധതി നീണ്ടു. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെട്ടതോടെ പ്ലാന്റ് യാഥാർത്ഥ്യത്തിലേക്ക് നീങ്ങി.
ൂ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി പൂർത്തീകരിക്കുക.
ആദ്യഘട്ടത്തിൽ പ്ലാന്റിന്റെ പ്രവൃത്തി പൂർത്തിയാക്കും.
രണ്ടാംഘട്ടത്തിൽ ടാങ്കിന്റെ വ്യാപ്തി വർദ്ധിപ്പിക്കും.
മൂന്നാംഘട്ടത്തിൽ വിതരണശൃംഖല വ്യാപിപ്പിക്കും.
ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ തന്നെപദ്ധതിയുടെ മുക്കാൽ ശതമാനം ഗുണം ഗുണഭോക്താക്കൾക്കു ലഭിക്കും.
ശുദ്ധീകരിച്ച ജലം പൊന്നാനി നഗരസഭയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ലഭിക്കുമെന്നതാണ് പ്രധാന കാര്യം.
നിലവിൽ പുഴയിൽ നിന്നുള്ള വെള്ളം ശുദ്ധീകരിക്കാതെ നേരിട്ടാണ് കുടിവെള്ള വിതരണ ടാപ്പുകൾ വഴി വിതരണം ചെയ്യുന്നത്.
പൊന്നാനി നഗരസഭയ്ക്ക് പുറമെ പൊന്നാനി താലൂക്കിലെ അഞ്ച് പഞ്ചായത്തുകൾക്കും പ്രയോജനപ്രദമാണ് പദ്ധതി.
കിഫ്ബിയുടെ സഹായത്തോടെ വാട്ടർ അതോറിറ്റി സംസ്ഥാനത്ത് നടപ്പാക്കുന്ന വലിയ പദ്ധതികളിലൊന്നാണിത്.
പ്ലാന്റിന്റെ ടെൻഡർ നടപടികൾക്ക് അനുമതിയായ സാഹചര്യത്തിൽ വൈദ്യുതീകരണ പ്രവൃത്തികൾക്കും മറ്റുമുള്ള ടെൻഡർ ക്ഷണിക്കും.
74.4
കോടി ചെലവിൽ കിഫ് ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.