തിരൂർ: തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിന് നാളെ തിരിതെളിയും. 19 വരെ നടക്കുന്ന കലോത്സവങ്ങൾ നാളെ വൈകിട്ട് അഞ്ചിന് തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. ചാത്തനാത്ത് അച്യുതനുണ്ണി മുഖ്യ പ്രഭാഷണം നടത്തും. കവി ആലങ്കോട് ലീലാകൃഷ്ണൻ, കെ.എക്‌സ്. ആന്റോ എന്നിവർ പങ്കെടുക്കും. വൈകിട്ട് ആറിന് കലാമണ്ഡലം ലതിക സുജിത് അവതരിപ്പിക്കുന്ന കുച്ചുപ്പുടിയും രാത്രി 7.30 ന് ചുണ്ടത്തെ തേൻ തുള്ളികൾ എന്ന പേരിൽ പാട്ടരങ്ങും വേദിയിൽ അരങ്ങേറും.
18 വൈകിട്ട് നാലിന് ശ്രീഹരി സാഥെ സംവിധാനം ചെയ്ത മറാത്തി ചലച്ചിത്രം ഏക് ഹസാരചി നോട്ട് പ്രദർശിപ്പിക്കും. വൈകിട്ട് ആറിന് കെ. ഗാഥയുടെ കഥാപ്രസംഗം, 6.30 ന് തൃക്കണ്ടിയൂർ മഹിളാ സമാജത്തിന്റെ നൃത്തനൃത്യങ്ങൾ, രാത്രി എട്ടിന് കോട്ടയ്ക്കൽ പ്രണവാഞ്ജലി നൃത്ത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താർച്ചനയും നടക്കും.
ഒക്ടോബർ 19ന് പുലർച്ചെ അഞ്ചിന് കുട്ടികളുടെ വിദ്യാരംഭ ചടങ്ങുകൾ. തുഞ്ചൻ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായി നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല. രാവിലെ 9.30ന് തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന കവികളുടെ വിദ്യാരംഭത്തിന് നേരത്തെ പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും അവസരം. പാരമ്പര്യ ആശാന്മാരായ ബി. മുരളീധരൻ, പി.സി സത്യനാരായണൻ, പ്രഭേഷ് കുമാർ എന്നിവരോടൊപ്പം സാഹിത്യകാരന്മാരായ കെ.പി. രാമനുണ്ണി, കാനേഷ് പൂനൂർ, ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻബാബു, പി.കെ ഗോപി, കെ.ജി രഘുനാഥ്, കെ.പി സുധീര, ഗിരിജ പി. പാതേക്കര, ശ്രീജിത്ത് പെരുന്തച്ചൻ, ഡോ. ആനന്ദ് കാവാലം, ഐസക് ഈപ്പൻ തുടങ്ങിയവർ ആദ്യാക്ഷരം കുറിച്ചുനൽകും.
അന്നേ ദിവസം വൈകിട്ട് മൂന്നിന് ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത സിറ്റി ലൈറ്റ്‌സ് എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും. രാഗമാലിക സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ പഞ്ചരത്‌ന കീർത്തനാലാപനം വൈകിട്ട് അഞ്ചിന് വേദിയിൽ നടക്കും. വൈകിട്ട് ഏഴിന് ഭരതകലാമന്ദിരത്തിലെ നിരഞ്ജന സുബ്രഹ്മണ്യൻ അവതരിപ്പിക്കുന്ന നൃത്ത പൂജ മോഹിനിയാട്ടവും രാത്രി എട്ടിന് തിരൂർ ലളിത കലാസമിതിയുടെ നൃത്തനൃത്യങ്ങളും അരങ്ങേറും.