പെരിന്തൽമണ്ണ: മക്കരപ്പറമ്പിൽ കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. മങ്കട വൊക്കേഷണൽ എച്ച്.എസ്.എസ് വിദ്യാർത്ഥിയും മക്കരപ്പറമ്പിൽ താമസിക്കുന്ന കൂട്ടിലങ്ങാടി പാറടിയിലെ പള്ളിയാലിൽ അബൂബക്കറിന്റെ മകനുമായ ജാനിഷ് (19) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ഏഴോടെ ദേശീയപാതയിൽ മക്കരപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിന് സമീപത്താണ് അപകടം. അപകടം വരുത്തിയ കാർ നിറുത്താതെ പെരിന്തൽമണ്ണ ഭാഗത്തേക്ക് ഓടിച്ച് പോയതായി നാട്ടുകാർ പറയുന്നു. അപകടത്തിൽ പെട്ട വിദ്യാർത്ഥിയെ നാട്ടുകാർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ കൂട്ടിലങ്ങാടി പാറടി ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു. മാതാവ് ജുമൈല, സഹോദരങ്ങൾ ജാബിർ, സജ്‌ന, സാഫിർ, സൽമാനുൽ ഫാരിസ്, ജാസിർ.