മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടറില്ലാത്തത് ജില്ലയിലെ സാധാരണക്കാരായ ഹൃദ്രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ആധുനിക ചികിത്സാ സംവിധാനങ്ങളില്ലെങ്കിലും രോഗികൾക്കാവശ്യമായ സേവനങ്ങൾ പരിമിതികൾക്കുള്ളിൽ നിന്നു ലഭ്യമായിരുന്ന ഇവിടത്തെ കാർഡിയോളജി സൂപ്പർ സ്‌പെഷ്യലിസ്റ്റിനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതാണ് പ്രശ്നം സൃഷ്ടിച്ചത്. വിവാദങ്ങളെ തുടർന്ന് പകരം ഡോക്ടറെ നിയമിച്ചിരുന്നെങ്കിലും ചുമതലയേറ്റിട്ടില്ല.
ജനകീയ പ്രതിഷേധം ശക്തമായതോടെ എം.എൽ.എ അടക്കമുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടറെ മഞ്ചേരിയിലേക്ക് മാറ്റിയത്. അദ്ദേഹം ചുമതലയേറ്റെടുക്കാത്തത് രോഗികളുടെ ദുരിതം കൂട്ടി. വിദഗ്ദ്ധ ഡോക്ടറെ നിയമിക്കാത്തത് സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്. മെഡിക്കൽ കോളേജിലെ ഹൃദ്‌രോഗ വിഭാഗത്തിൽ നിലവിൽ കാത്ത് ലാബ് പോലുമില്ല. നിർദ്ദിഷ്ട പദ്ധതിയായ കാത്ത് ലാബ് പ്രവർത്തനസജ്ജമാക്കാനുള്ള സ്ഥലം മെഡിക്കൽ കോളേജ് അധികൃതർ പ്രവൃത്തി ഏറ്റെടുത്ത ഏജൻസിക്കു കൈമാറിയിരുന്നു. നിലവിലെ ഓപ്പറേഷൻ തിയേറ്ററിനകത്ത് രണ്ട് മുറികളാണ് വിട്ടു നൽകിയത്. നാലുമാസത്തിനകം കാത്ത് ലാബ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് വിവരം. കാത്ത് ലാബ് യാഥാർത്ഥ്യമാവുന്നതോടെ ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം തുടങ്ങിയ പരിശോധന സംവിധാനങ്ങൾകൂടി മഞ്ചേരി മെഡിക്കൽ കോളേജിൽ നിലവിൽ വരും. നിലവിൽ ഹൃദയത്തിന്റെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുന്ന എക്കോ ടെസ്റ്റിനു മാത്രമാണ് ഇവിടെ സംവിധാനമുള്ളത്. ഐ.സി.യുവിലാണ് ഈ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നത്.