പരപ്പനങ്ങാടി : ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളിൽ സർക്കാരിനെ അനുകൂലിച്ചു പ്രതികരണം നടത്തിയതിന് അഭിഭാഷകയുടെ സ്കൂട്ടർ തകർത്തതായി പരാതി. പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകയും സി.പി.എം സജീവ പ്രവർത്തകയുമായ പരപ്പനങ്ങാടി നെടുവ സ്വദേശിനി ഒ. കൃപാലിനിയുടെ സ്കൂട്ടറാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ തകർത്തത്.
വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന സ്കൂട്ടർ സീറ്റ് കുത്തിക്കീറിയ നിലയിലായിരുന്നു. സ്കൂട്ടറിന്റെ ബ്രേക്ക് കേബിളും മുറിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11ന് ശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു. രാവിലെ പുറിത്തിറങ്ങിപ്പോഴാണ് സ്കൂട്ടർ നശപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നു കൃപാലിനി പറഞ്ഞു .
കുറച്ച് ദിവസമായി നെടുവ ഭാഗത്തെ റസിഡൻഷ്യൽ അസോസിയേഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ചനടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ രൂക്ഷമായതോടെ വാട്ട്സ് ആപ് ഗ്രൂപ്പ് പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഈ വിഷയത്തിൽ മറ്റു സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തർക്കങ്ങൾ നിലനിന്നിരുന്നതായി അഡ്വ :കൃപാലിനി പറഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പിയും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും സ്ത്രീപ്രവേശനവിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചതാണ്പ്രകോപനകാരണമെന്ന് സംശയിക്കുന്നതായി അവർ പറഞ്ഞു . പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.